തറക്കല്ലിട്ടത് 2019 ഫെബ്രുവരിയിൽ
കരിന്തളത്ത് 15 ഏക്കർ ഭൂമി
അനുവദിച്ചത് 60 കോടി രൂപ
തുടക്കത്തിൽ 100 കിടക്കകൾ
നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിൽ അനുവദിച്ച യോഗ ആൻഡ് നാച്ചുറോപ്പതി ആശുപത്രിക്ക് വേണ്ടി തറക്കല്ലിടൽ കർമ്മം നടത്തിയിട്ട് വർഷം തികഞ്ഞിട്ടും തുടർപ്രവർത്തനമായില്ല. 2019 ഫെബ്രുവരി മാസത്തിലാണ് അന്നത്തെ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായ്ക്ക് കരിന്തളത്ത് തറക്കല്ലിട്ടത്. ആശുപത്രിക്കായി കിനാനൂർ കരിന്തളം പഞ്ചായത്ത് 15 ഏക്കർ ഭൂമി നീക്കിവെച്ചിരുന്നു.
തുടക്കത്തിൽ 100 കിടക്കകളോടെയുള്ള ആശുപത്രി തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. ഇതിനായി 60 കോടി രൂപയും കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. യോഗ ആൻഡ് നാച്ചുറോപ്പതി കൂടാതെ ഹോമിയോ, ആയുർവേദം, യുനാനി ചികിത്സയും ആശുപത്രിയോടനുബന്ധിച്ച് ആരംഭിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരുന്നത്. ആശുപത്രിയോടൊപ്പം കുട്ടികൾക്കുള്ള പഠന സൗകര്യം ഒരുക്കാനും പദ്ധതിയുണ്ടായിരന്നു.
ഇന്ത്യയിൽ ആദ്യമായാണ് ഇങ്ങനെയുള്ള ഒരു ആശുപത്രി കരിന്തളത്ത് തുടങ്ങുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്രമന്ത്രി സൂചിപ്പിച്ചിരുന്നു. ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ആശുപത്രിയുടെ കെട്ടിടോദ്ഘാടനത്തിനും കേന്ദ്രമന്ത്രി തന്നെ പങ്കെടുക്കണമെന്ന പരാമർശം വ്യാപകമായ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
സി.പി.എം കാലാകാലങ്ങളായി ഭരിക്കുന്ന കിനാനൂർ കരിന്തളം പഞ്ചായത്തിൽ ഇങ്ങനെയുള്ള ഒരു ആശുപത്രി കേന്ദ്രസർക്കാർ അനുവദിച്ചതിൽ ബി.ജെ.പി. ജില്ലാ നേതൃത്വത്തിന് താല്പര്യമില്ലെന്ന് പറയുന്നു.
തറക്കല്ലിട്ടതിനുശേഷം മറ്റു വിവരമൊന്നും കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസം രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖാന്തിരം വകുപ്പുമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് വിധുബാല