കാസർകോട്: പുതുതലമുറയിൽ സംസ്ഥാന സർക്കാറിന് വലിയ പ്രതീക്ഷയുണ്ടെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പെരിയ ഗവൺമെന്റ് പോളി ടെക്‌നിക് കോളേജിൽ മൂന്നു ദിവസമായി നടന്നുവരുന്ന കേരള റീബിൽഡ് ഹാക്കത്തോണിന്റെ സമാപന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാനതകളില്ലാത്ത രണ്ട് പ്രളയങ്ങൾ കേരളത്തെ വിഴുങ്ങിയപ്പോഴായിരുന്നു ഏതോ സ്വപ്നലോകത്ത് വിഹരിക്കുന്നവരെന്ന് സമൂഹം മുദ്രകുത്തിയ യുവാക്കളുടെ ശക്തി നാം തിരിച്ചറിഞ്ഞത്. അവരുടെ കൈകളിലെ മൊബൈൽ ഫോണുകളിലൂടെ അവർ ഇന്ദ്രജാലം കാട്ടി. യുവാക്കളുടെ ശാരീരികമായും മാനസീകമായുമുള്ള അകമഴിഞ്ഞ സേവന പ്രവർത്തനങ്ങൾ കേരളം കണ്ടു കഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാറിന് പുതു തലമുറയിൽ ഏറെ പ്രതീക്ഷയുണ്ട്. - മന്ത്രി പറഞ്ഞു.

ദുരന്തമുന്നറിയിപ്പ് നൽകുന്ന സങ്കേതിക വിദ്യകൾ വികസിപ്പിക്കുവാൻ വിദ്യാർത്ഥികളുടെ ചിന്തകളും സർക്കാറിന് ആവശ്യമാണ്. റീ സർവ്വേ തുടങ്ങിയ വലിയ പ്രവർത്തികൾക്ക് ആധുനിക സാങ്കേതിക വിദ്യയിലൂടെ നിർമ്മിക്കാവുന്ന പുതിയ സേവനങ്ങൾ വകുപ്പിന് ആവശ്യമാണ്. നിലവിലെ സ്ഥിതിഗതികൾ പഠിച്ച് അപഗ്രഥിച്ച് പരിഹാരങ്ങളും നിർദ്ദേശങ്ങളും സർക്കാറിന് മുന്നിൽ നിരത്താൻ പുതുതലമുറ രംഗത്തെത്തുന്നത് വലിയ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ അസാപ്പ് സംസ്ഥാന കോഓഡിനേറ്റർ ടി.വി ഫ്രാൻസിസ്, റീബൂട്ട് കേരള ഹാക്കത്തോൺ ഓർഗനൈസിംഗ് കൺവീനർ അബ്ദുൾ ജബ്ബാർ, പെരിയ ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജ് പ്രിൻസിപ്പാൾ പി.വൈ സോളമൻ, അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജർ രാഹുൽ ബി. മോഹൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മന്ത്രി വിദ്യാർത്ഥികൾ തയ്യാറാക്കിയ മാതൃകകളെകുറിച്ച് വിവിധ ടീമുകളുമായി സംവദിച്ചു.