mikku

മാഹി : അഴിയൂർ വേണുഗോപാല ക്ഷേത്രത്തിലെ വിളക്കുകൾ വൃത്തിയാക്കി തിരി തെളിക്കുന്ന റഷ്യക്കാരൻ മിഖായേൽ മയ്യഴിക്കാർക്ക് 'സ്വന്തം മിക്കു'വാണ്.

കഴിഞ്ഞ പത്തുവർഷമായി ഇഷ്ടദൈവം 'കൃഷ്ണനെ' കാണാൻ അഴിയൂരെത്തുന്ന മിഖായേലിന് സ്വന്തം നാടിനെക്കാളേറെ പ്രിയം കേരളമാണ്. മുണ്ടുടുത്ത്, പതിവായി ക്ഷേത്രദർശനം നടത്തി, വർഷംതോറും ശബരിമല അയ്യപ്പനെ ദർശിച്ച് തനി മലയാളിയായി ജീവിക്കാനാണ് ഈ മോസ്കോ സ്വദേശിക്കിഷ്ടം.

മോസ്കോയിൽ എൻജിനിയറായ മിഖായേൽ

മയ്യഴിയിൽ എത്തുന്നത് അവിചാരിതമായാണ്. മയക്കുമരുന്നിൽ നിന്നും മോചനം തേടി ഇന്റർനെറ്റിൽ പരതിയപ്പോഴാണ് അഴിയൂരിലെ ഗ്രീൻസ് ആശുപത്രി കണ്ണിൽപ്പെട്ടത്. താമസിയാതെ ഗ്രീൻസിൽ ചികിത്സ തുടങ്ങി. ഇടയ്ക്ക് സമീപത്തെ വേണുഗോപാല ക്ഷേത്രം സന്ദർശിച്ചു. ഏത് മതക്കാർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാമെന്നത് മിഖായേലിന് പുതുമയായിരുന്നു. ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരു പ്രതിമ കണ്ടത്, ഗുരുദേവ ജീവിതത്തെക്കുറിച്ച് അറിയാനിടയാക്കി. അഴിയൂർ ക്ഷേത്രത്തിലെ രതീഷ് ശാന്തി സുഹൃത്തായതോടെ മിക്കു വേണുഗോപാല ക്ഷേത്രത്തിലെ നിത്യസന്ദർശകനായി.

ചികിത്സ കഴിഞ്ഞെങ്കിലും മിക്കുവിന്റെ മനസ് മയ്യഴിയിലും ക്ഷേത്രത്തിലും തങ്ങി. വർഷം തോറും അഴിയൂരിലെത്തി വേണുഗോപാല ക്ഷേത്രത്തിലെ വിളക്കുകൾ വൃത്തിയാക്കുന്നതും തിരി തെളിക്കുന്നതുമെല്ലാം ചുമതലയായി ഏറ്റെടുത്തു. ഇതൊരു സമർപ്പണമാണെന്നാണ് മിക്കുവിന്റെ പക്ഷം. ക്ഷേത്രത്തിലെ ഗുരുസ്വാമിക്കൊപ്പം പത്തുവർഷമായി ശബരിമലയിലും പോകുന്നുണ്ട്.

കഴിഞ്ഞ കുറേ വർഷമായി മിക്കുവിനൊപ്പം അമ്മ നദാലിയയും ഭാര്യ ലൂയ്യിയയും അഴിയൂരിലെത്തുന്നു. നദാലിയ മിക്കുവിനൊപ്പം 41 ദിവസം വ്രതമെടുത്ത് ശബരിമല ദർശനവും നടത്താറുണ്ട്.

ശബരിമലയിൽ നിന്ന് തിരിച്ചെത്തിയാൽ അമ്മയും ഭാര്യയും റഷ്യയിലേക്ക് മടങ്ങുമെങ്കിലും മിഖായേൽ വേണുഗോപാല ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞേ മടങ്ങാറുള്ളൂ. ഇത്തവണ ക്ഷേത്രത്തിലെ കൊടിമര പ്രതിഷ്ഠയ്ക്ക് പങ്കെടുത്തെങ്കിലും വിസ കാലാവധി കഴിഞ്ഞത് തിരിച്ചടിയായി. വലിയ സങ്കടത്തോടെ ഇന്നലെ മടങ്ങിപോകേണ്ടി വന്നു. രതീഷ് ശാന്തി മിക്കുവിന്റെ ക്ഷണം സ്വീകരിച്ച് മോസ്കോ സന്ദർശിച്ചിട്ടുണ്ട്.


ചിത്രം: അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ വിളക്ക് തെളിക്കുന്ന റഷ്യക്കാരൻ മിഖായേൽ