പാനൂർ:പത്തായക്കുന്നിൽ നിന്നും കൊങ്കച്ചിയിലേക്ക് പോകുന്ന വഴിയിലാണ് പാരമ്പര്യവൈദ്യനായ പ്രേമചന്ദൻവൈദ്യരുടെ പഴയ തറവാട് വീട് .ഭാര്യ ഇന്ദിരയുടെ വക വിവിധ തരത്തിലുള്ള ഓർക്കിഡുകളടക്കമുള്ള ചെടികളുടെ സമൃദ്ധി. മരുന്നിന്റെ ആവശ്യത്തിനായി വൈദ്യരുടെ വക ആര്യവൈദ്യത്തിലെ പ്രമുഖ ഒറ്റമൂലികൾ തൊട്ടുള്ള സസ്യങ്ങളുടെ വൈപുല്യം-പത്തായക്കുന്നിലെ പുതുക്കുടി വീട്ടിൽ എത്തിയാൽ സന്ദർശകരുടെ കണ്ണും മനസും കുളിർക്കുമെന്നുറപ്പ്.
വീട്ടുനടയിലേക്ക് കയറുമ്പോൾ തന്നെ വിവിധ വർണ്ണങ്ങളുള്ള ബോഗൺവില്ലകളും വെൽവെറ്റ് ചെടികളുമാണ് വരവേൽക്കുന്നത്. മുറ്റത്തെത്തിയാൽ വരാന്തയിൽ കഴുക്കോലുകളിലായി തൂക്കിയിട്ടിരിക്കുന്ന പല ഇനത്തിലുള്ള ഓർക്കിഡുകൾ. കാറ്റ് ലിയാ, ഗ്രൗണ്ട് ഓർക്കിഡ്,ഫെലനോസീയ എന്നിങ്ങനെ പേരുകേട്ട ഇനങ്ങളാണിവയെന്ന് ഇന്ദിര പറഞ്ഞുതരും. മഞ്ഞിൽ വിരിഞ്ഞ പൂവ്, ഡാൻസിംഗ് ഗേൾ വിവിധയിനം ചെമ്പരത്തികൾ തുടങ്ങി നാട്ടുപൂക്കളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതുമായ ചെടികളെ ചിട്ടയോടെ നട്ടുപിടിപ്പിച്ചത് കണ്ടാൽ തന്നെ കൺകുളിർക്കും. തൂക്കിയിട്ട ചെടികളുടെയിടയിൽ ചെറുതേനിച്ചയെ വളർത്തുന്ന ചെറിയ പെട്ടികളും തൂക്കിയിട്ടുണ്ട്.വാട്ടർ ബോട്ടിലുകൾ മുറിച്ചെടുത്ത് പെയിൻറടിച്ച് തൂക്കുവിളക്കുകളാക്കിയതും ആകർഷണിയം. ചെടിയുടെ ഇടയിൽ പുലി, ആന, കൽവിളക്കുകൾ, പക്ഷികൾ ,പൂക്കളുടെ ശില്പം മുതലായവ ഒറിജനലിനെ വെല്ലുന്ന രൂപത്തിൽ സിമന്റിൽ നിർമ്മിച്ച് സ്ഥാപിച്ചിട്ടുണ്ട്.
ആയുർവേദ ഡോക്ടറായ മയൂഖും ഐ.ടി.എൻജിനീയറായ മിഥുനും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് അമ്മ ഇന്ദിര ചെടിവളർത്തലിലേക്ക് തിരിഞ്ഞത്. പാരമ്പര്യവൈദ്യനെന്ന നിലയിൽ ആയുർവേദ സസ്യങ്ങൾ നട്ടുവളർത്തുന്ന ഭർത്താവായിരുന്നു പ്രചോദനം.
പ്രേമൻവൈദ്യർ മരുന്നിന്റെ ആവശ്യത്തിലേക്കായി നട്ടുപിടിപ്പിച്ച ചെടികൾ കാണുന്നവരിൽ ഗൃഹാതുരത ഉണർത്തും. വെള്ള,നീല ശംഖുപുഷ്പങ്ങൾ, മൂന്നുതരം ചെങ്ങലംപരണ്ട ,ഈശ്വരമുല്ല, ആടലോടകം,, ആവണക്ക് ,കരിനൊച്ചി, ഉമ്മം, കരി ഉമ്മം, ജാതിക്ക വലിയ മുത്തിൾ, മുത്തിൾ, രാജമല്ലി, അരളി, ചന്ദനം, കൂവളം, അരൂത,അപൂർവ്വമായി കിട്ടുന്ന സോമലത എന്നിങ്ങനെ നീളും വൈദ്യരുടെ ഔഷധോദ്ധ്യാനം.
ചാണകപ്പൊടിയും ഗോമൂത്രവുംകോഴിവളവും ആട്ടിൻ കാഷ്ഠവുമൊക്കെയാണ് ഇവയ്ക്കെല്ലാം വളമായി ഉപയോഗിക്കുന്നത്. കാസർകോട് കുള്ളൻ, വെച്ചൂർ ,നാടൻ ഇനം പശുക്കൾ,, കരിങ്കോഴി അടക്കമുള്ള കോഴിയിനങ്ങൾ, പലതരം ആടുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്. മരുന്നിന്റെ ആവശ്യത്തിനാണ് ഇവയിൽ പലതിനെയും വളർത്തുന്നത്. പുല്ലും പിണ്ണാക്കും മാത്രമെ പശുവിന് നൽകു.ഇറക്കുമതി കാലിത്തീറ്റകൾക്കൊന്നും ഇവിടേക്ക് പ്രവേശനമില്ല.
വീടിന് പിറകിൽ ഒന്നരമീറ്റർ ആഴമുള്ള കുളത്തിൽ നട്ടർ,തിലോപ്പിയ മീനുകൾ നീന്തിത്തുടിക്കുന്നുണ്ട്.ഈ കുളം ഇന്ദിരയും സഹായിയായ മറ്റൊരു സ്ത്രീയും ചേർന്ന് നിർമ്മിച്ചതാണ്. കുഴിയിൽ ടാർപാളിൻ ഇട്ടാണ് കുളം ഒരുക്കിയത്. ഇതിന് പുറമെ ഉദ്യാനത്തിലുള്ള സിമന്റ് ശില്പങ്ങളും ഇവരുടെ കരവിരുതിൽ വിരിഞ്ഞവയാണ്.
ഉദ്യാനത്തിന് തൊട്ട് സമൃദ്ധിയുടെ അടയാളമായി വെണ്ട,കയ്പ,പയർ,ചീര ,വെള്ളരി, മത്തൻ തുടങ്ങിയ പച്ചക്കറിക്കളും പൂവും കായുമിട്ട് നിൽക്കുന്നു. ഭക്ഷ്യസ്വയംപര്യാപ്തതയുടെ ഒരുസാമ്പിളായാണ് പുതുക്കുടി വീട് അറിയപ്പെടുന്നത് തന്നെ.