കണ്ണൂർ: പാസഞ്ചർ ട്രെയിനുകൾക്ക് പകരം മലബാറിലേക്ക് മെമു നൽകാമെന്ന് റെയിൽവെ മന്ത്രാലയം . പാലക്കാട് മെമു ഷെഡിന്റെ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ജൂൺ മാസത്തിനകം മലബാറിൽ മെമു സർവ്വീസ് തുടങ്ങാൻ കഴിയുമെന്നാണ് അധികൃതരുടെ ഉറപ്പ്. പുതുതായി സർവീസ് തുടങ്ങുന്നത് മെമു ത്രീ ഫെയ്സ് സൗകര്യമുള്ള ആധുനിക വണ്ടികളാണ്. നിലവിലുള്ളതിൽ 700 പേർക്ക് യാത്ര ചെയ്യാൻ കഴിയുമെങ്കിൽ പുതിയ സംവിധാനം വരുന്നതോടെ ഇതിന്റെ ഇരട്ടി പേർക്ക് യാത്ര ചെയ്യാനാകും.
മെമു സർവ്വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി പാലക്കാട്ട് മെമു ഷെഡ് നിർമ്മാണം വേഗത്തിലാക്കാൻ റെയിൽവേ ജനറൽ മാനേജർ നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് നിന്നു വടക്കോട്ടേക്ക് മെമു സർവീസ് തുടങ്ങുന്നതിന് ആദ്യഘട്ടത്തിൽ 14 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. നിലവിൽ 100 മീറ്ററുള്ള പിറ്റ്ലൈൻ 185 മീറ്ററായി മാറ്റണം. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് മെമുവിന്റെ അറ്റകുറ്റപ്പണികൾക്ക് ചെലവ് കുറയുമെന്നതാണ് റെയിൽവേയെ കൂടുതൽ സർവീസിന് പ്രേരിപ്പിക്കുന്നത്. ചെറിയ സ്റ്റേഷനുകളിൽ പോലും മെമു ട്രെയിനുകൾക്ക് നിറുത്താൻ കഴിയും. അതുകൊണ്ടുതന്നെ ഇതു കൂടുതൽ യാത്രക്കാർക്ക് സഹായകരമാകും. ആവശ്യത്തിന് പാസഞ്ചർ ട്രെയിനുകളില്ലാത്തതും പാസഞ്ചർ ട്രെയിനുകൾക്ക് കൂടുതൽ കോച്ചുകളില്ലാത്തതും സ്ഥിരയാത്രക്കാരെ വലയ്ക്കുന്നുണ്ട്.
മെമു വന്നാൽ
ഷൊർണ്ണൂർ- കണ്ണൂർ, കണ്ണൂർ- മംഗലാപുരം ലൈനുകൾ
എല്ലാ സ്റ്റേഷനുകളിലും നിർത്താം.
മൂന്നു മണിക്കൂറിൽ കൂടുതൽ യാത്രാദൈർഘ്യം പാടില്ല
വേഗത മണിക്കൂറിൽ 90 കി.മീ.
സൗകര്യങ്ങൾ
കോച്ചുകളിൽ ജി.പി. എസ്
#എയർ സസ്പെൻഷൻ
#ഓരോ കോച്ചിലും രണ്ട് വീതം ബയോടോയ്ലറ്റുകൾ
#കുഷ്യൻ സീറ്റുകൾ
#എൽ. ഇ. ഡി ലൈറ്റ്
#സ്ത്രീകളുടെ കോച്ചിൽ സി.സി.ടി.വി
#കോച്ചുകളിൽ ഭക്ഷണവിതരണമില്ല
മെമു (മെയിൻലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്സ് )
സർവീസ് മറ്റു ട്രെയിനുകളിൽ നിന്നു വ്യത്യസ്തമാണ്. എൻജിൻ മാറ്റുകയെന്നത് മറ്റു ട്രെയിനുകൾക്ക് ഏറെ ക്ളേശകരമായ ജോലിയാണെങ്കിൽ മെമുവിന് എവിടെ നിന്നും തിരിക്കാൻ ബുദ്ധിമുട്ടില്ലാത്തവിധം പുഷ് - പുൾ എൻജിനാണ്. ഇതുകാരണം ഷണ്ടിംഗിന്റെ കാലതാമസം ഒഴിവാക്കാനാകും. അടുത്തടുത്ത സ്റ്റോപ്പുകളിൽ നിറുത്താനും പ്രയാസമില്ല.മണിക്കൂറിൽ 90 കിലോമീറ്ററാണ് കൂടിയ വേഗത.
ബൈറ്റ്
യാത്രാസൗകര്യം കൂട്ടുന്നതിന് പകരം നിലവിലുള്ളത് വെട്ടിച്ചുരുക്കിയുള്ള റെയിൽവെയുടെ ചെപ്പടി വിദ്യ അംഗീകരിക്കാനാവില്ല. രണ്ടും മലബാറിലേക്ക് വേണം. ഇതു അവഗണനയാണ്. ഒരിക്കലും അംഗീകരിക്കാനാവില്ല-
റഷീദ് കവ്വായി, പ്രസിഡന്റ് നോർത്ത് മലബാർ റെയിൽവെ പാസഞ്ചേഴ്സ് കോ- ഓഡിനേഷൻ കമ്മിറ്റി