കണ്ണൂ‌‌ർ:വിവിധ ആവശ്യങ്ങളുന്നയിച്ച് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആൻഡ് സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാരുടെ സമരം 28 ദിവസം പിന്നിടുമ്പോഴും വഴങ്ങാതെ അധികൃതർ. ഒ.പി, ഐ.പി വിഭാഗങ്ങൾ സ്തംഭിച്ചിരിക്കുകയാണെങ്കിലും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് മാനേജ്മെന്റ്.

മിനിമം വേജസ് ഉൾപ്പെടെ നിയമപരമായ യാതൊരു ആനുകൂല്യവും മാനേജ്മെന്റ് അനുവദിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം.പ്രശ്നം സംബന്ധിച്ച് 2013 ൽ 58 ദിവസവും 2016 ൽ 60 ദിവസവും കാനന്നൂർ ഡിസ്ട്രിക്ട് പ്രവൈവറ്റ് ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂനിയന്റെ നേതൃത്വത്തിൽ ജീവനക്കാ പണിമുടക്കിയിരുന്നു. ധ‌ർമ്മടം എം.എൽ.എ ആയിരുന്ന കെ.കെ.നാരായണന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് 2013ൽ സമരം ഒത്തുതീർന്നത്.

എന്നാൽ അന്ന് തീരുമാനിച്ച വ്യവസ്ഥകൾ നടപ്പിലാക്കാത്തതിനെ തുടർന്നാണ് 2016ലെ സമരം .ഈ സമരം തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇത് പിൻവലിച്ചത്.മിനിമം വേജസ് തൊഴിലാളികൾക്ക് നൽകുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ.

തൊഴിലാളികളുടെ റിട്ടയർമെന്റ് പ്രായം മാനേജ്മെന്റിന് തോന്നിയ പോലെയാണെന്നും ആക്ഷേപമുണ്ട്. തൊഴിലാളികളെ നിയമവിരുദ്ധമായി പറഞ്ഞുവിടുകയാണെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.പിരിഞ്ഞ് പോകുന്ന തൊഴിലാളികൾക്ക് സർവ്വീസ് സർട്ടിഫിക്കറ്റ് നൽകുന്നുമില്ല.നിശ്ചിത തീയതിക്ക് മാസശമ്പളം നൽകുന്നില്ലെന്ന ആക്ഷേപവും സമരക്കാർ ഉന്നയിക്കുന്നു. വിഷയം പരിഹരിക്കാൻ ജില്ലാ ലേബർ ഒാഫിസർ രണ്ട് തവണയും കോഴിക്കോട് റീജയണൽ ജോയന്റ് ലേബർ കമ്മിഷണർ ഒരു തവണയും അനുരഞ്ജന യോഗം വിളിച്ചുചേർത്തെങ്കിലും മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ല.

ഉത്തരവ് ഇല്ല,​ ബോണസും

മെഡിക്കൽ കോളേജ് ആശുപത്രിയിലെ തൊഴിലാളികളുടെ ബോണസിനുള്ള അർഹത സംബന്ധിച്ച് ലേബർ കമ്മിഷണർ ഒരു മാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നേരത്തെ നടത്തിയ ഒത്തുതീർപ്പ് കരാറിലുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ സർക്കാർ ബോണസ് സംബന്ധിച്ചുള്ള തീരുമാനവും ഉത്തരവും ഇറക്കണമെന്നതാണ് രണ്ടാമത്തെ വ്യവസ്ഥ.ഇത് ഇരു കക്ഷികളും അംഗീകരിക്കണമെന്നും കരാരിൽ വ്യക്തമാക്കുന്നുണ്ട്.എന്നാൽ രണ്ട് കാര്യവും പാലിക്കപ്പെട്ടിട്ടില്ല.


ബൈറ്റ്

ജീവനക്കാർക്ക് മിനിമം വേതനം അനുവദിക്കുന്നില്ല.മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.ഈ സാഹചര്യത്തിൽ തൊഴിലാളികൾ പണിമുടക്കിന് നിർബന്ധിക്കപ്പെടുകയാണ്.മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് യാതൊരു അനക്കവുമില്ല.പണിയെടുത്താൽ കൂലി കിട്ടണ്ടേ-

കെ.പി.സഹദേവൻ,സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി

(ഹൈലൈറ്റ്സ് )​

സർക്കാർ നിശ്ചയിച്ച മിനിമം വേതനം

തൊഴിൽ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ഒത്തു തീർപ്പ് വ്യവസ്ഥ നടപ്പിലാക്കുക

പിരിഞ്ഞ് പോകുന്ന ജീവനക്കാർക്ക് സർവ്വീസ് സർട്ടിഫിക്കറ്റ് അനുവദിക്കുക

(ഫിഗർ)​

പണിമുടക്കിൽ 200 ജീവനക്കാ‌ർ