മുടക്കിയത് 9 ലക്ഷം
ഒരുവർഷമായി വിശ്രമത്തിൽ
പരിശീലനം ലഭിച്ചവർക്ക് ജോലിയില്ല
നീലേശ്വരം: കാർഷിക കർമ്മസമിതിക്ക് വേണ്ടി 9 ലക്ഷം രൂപ മുടക്കി കൃഷി വകുപ്പ് കൃഷിഭവൻ മുഖാന്തിരം കർഷകർക്ക് നൽകുവാൻ വേണ്ടി വാങ്ങിയ ട്രാക്ടർ ഒരു വർഷമായി ഉപയോഗിക്കാതെ കൃഷിഭവനു മുന്നിൽ കിടക്കുന്നു.
ഇതിനായി, തെരഞ്ഞെടുത്ത കാർഷിക കർമ്മസമിതി അംഗങ്ങൾക്ക് പരിശീലനവും നൽകിയിരുന്നു. എന്നാൽ പരിശീലനം നൽകിയതല്ലാതെ കർഷകർ ആവശ്യത്തിന് ട്രാക്ടർ വിളിക്കാതായതോടെ പരിശീലനം ലഭിച്ച കർമ്മസമിതി അംഗങ്ങൾക്ക് പണിയില്ലാതാവുകയായിരുന്നു. വയലുകൾ ഉഴുത് മറിക്കാനും പറമ്പുകൾ കിളച്ചിടാനും വേണ്ടിയാണ് ട്രാക്ടർ വാങ്ങിയത്. എന്നാൽ കർഷകരിലേക്ക് വിവരങ്ങൾ ശരിയാംവണ്ണം എത്താത്തതിനാലാണ് കർഷകർ ടാക്ടർ അപേക്ഷിച്ച് കൃഷിഭവനുകളിൽ എത്താത്തത് എന്ന് ആക്ഷേപമുണ്ട്. നീലേശ്വരം നഗരസഭയെ കൂടാതെ തൊട്ടടുത്ത പഞ്ചായത്തുകളിലെ കർഷകർക്കും ട്രാക്ടർ ഉപയോഗിക്കുന്നതാണ്. എന്നാൽ ഇങ്ങനെയുള്ള ട്രാക്ടർ ഉള്ള വിവരം തൊട്ടടുത്ത പഞ്ചായത്തുകളിലെ കർഷകർക്കും അറിവില്ല. അതുകൊണ്ട് തന്നെ ഇതിനായി പരിശീലനം ലഭിച്ച കർമ്മസമിതി അംഗങ്ങൾക്ക് വേണ്ട പോലെ ജോലിയും ലഭിക്കുന്നില്ല.
വർഷത്തിൽ രണ്ടും മൂന്നും വിളകളാണ് സാധാരണയായി കർഷകർ ചെയ്യുന്നത്. നഗരസഭ ചെയർമാൻ കാർഷിക കർമ്മസമിതിയുടെ ചെയർമാനും കൃഷി ഓഫീസർ കൺവീനറുമായാണ് കർമ്മസമിതി പ്രവർത്തിക്കുന്നത്. ട്രാക്ടറിന് ആവശ്യക്കാരില്ലാത്തതിനാൽ ഇതിനായി സ്ഥിരമായി ടെക്നീഷ്യനെ നിയമിക്കാൻ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒരു വർഷമായി കർഷകർ ട്രാക്ടർ അന്വേഷിച്ച് വരാത്തതിനാൽ ഇപ്പോഴും നീലേശ്വരം കൃഷിഭവനു മുന്നിൽ കിടക്കുകയാണ്.