തൃക്കരിപ്പൂർ: ഒളവറ മുണ്ട്യക്കാവ് കളിയാട്ടത്തിന് മാറ്റേകി കുട്ടിക്കൂട്ടത്തിന്റെ പൂരക്കളി അരങ്ങേറ്റം. കുറ്റമറ്റ ചുവടുകളോടെ കൈകൊട്ടിക്കയറി കുരുന്നുകളുടെ അനുഷ്ഠാനകലയിലെ അരങ്ങേറ്റം കാണികൾ കൈയടിയോടെ സ്വീകരിച്ചു.

ഒളവറ മുണ്ട്യക്കാവ് പൂരക്കളി സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ പൂരക്കളി അരങ്ങേറ്റമാണ് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഒന്നാം ക്ലാസുകാരൻ മുതൽ ഏഴാം ക്ലാസുകാരൻ വരെ അടങ്ങുന്ന സംഘം രണ്ടു മാസത്തെ പരിശീലനത്തിനു ശേഷമാണ് അരങ്ങിലെത്തിയത്. ഉദിനൂരിലെ പ്രശസ്ത പൂരക്കളി വിദഗ്ധൻ അപ്യാൽ പ്രമോദാണ് കുട്ടികളെ പരിശീലിപ്പിച്ചത്. സഹോദരങ്ങളുടെ മക്കളായ ഋതുദേവ്, നവനീത് എന്നീ കുരുന്നുകളാണ് പൂരക്കളിയുടെ പാട്ടുകൾ പാടിയത്.

കുട്ടികളുടെ മെയ് വഴക്കത്തോടെയുള്ള പൂരക്കളി ആസ്വദിക്കാൻ വൻ ജനാവലി തടിച്ചുകൂടിയിരുന്നു.