പയ്യന്നൂർ: ഉത്സവാന്തരീക്ഷത്തിൽ നവീകരിച്ച കാങ്കോൽ-ചീമേനി റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ തുറന്നുകൊടുത്തു.

കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 20.26 കോടി രൂപ ചെലവിട്ടാണ് റോഡ് പൂർത്തിയാക്കിയത്. കാങ്കോലിൽ ആരംഭിച്ച് പ്രാന്തംചാൽ, സ്വാമിമുക്ക്, ഏറ്റുകുടുക്ക വഴി ചീമേനി വരെ 10.135 കിലോമീറ്റർ നീളത്തിലാണ് പൂർത്തിയാക്കിയത്.

ചടങ്ങിൽ സി. കൃഷ്ണൻ എം .എൽ .എ അദ്ധ്യക്ഷത വഹിച്ചു. എം. രാജഗോപാലൻ എം.എൽ.എ മുഖ്യാതിഥിയായി. എക്‌സിക്യൂട്ടീവ് എൻജിനീയർ എം .ജഗദീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്തംഗം ജാനകി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം .ടി .പി നൂറുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി .ഉഷ, എം. രാഘവൻ, കെ. ശകുന്തള, സൂപ്രണ്ടിംഗ് എൻജിനീയർ ഇ .ജി .വിശ്വപ്രകാശൻ, അസിസ്റ്റന്റ് എൻജിനീയർ കെ .വി. ശശിഎന്നിവർ സംസാരിച്ചു.

ചിലവ് 20.26 കോടി

നീളം -10.135

കാങ്കോൽ -ചീമേനി റോഡ്

പയ്യന്നൂർ മണ്ഡലത്തിലെ കാങ്കോൽ ആലപ്പടമ്പ് - തൃക്കരിപ്പൂർ മണ്ഡലത്തിലെ കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലൂടെയും കടന്നു പോകുന്ന കണ്ണൂർ, കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുകയും ചെയ്യുന്ന പ്രധാന റോഡ്

കരാറുകാരുടെ കുടിശ്ശിക ഉടൻ നൽകും: മന്ത്രി ജി. സുധാകരൻ

പൊതുമരാമത്ത് വകുപ്പിൽ നിർമ്മാണ പ്രവൃത്തി നടത്തുന്ന കരാറുകാരുടെ കുടിശ്ശിക വിതരണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി .സുധാകരൻ പറഞ്ഞു. കാങ്കോൽ ചീമേനി റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 3000 കോടി രൂപയാണ് ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ ഇനത്തിൽ കുടിശ്ശികയായി ഉണ്ടായിരുന്നത്. അതൊക്കെ ചുരുങ്ങിയ സമയത്തിനുളളിൽ തന്നെ ലഭ്യമാക്കി. നിലവിൽ കുടിശ്ശികയുള്ള തുക വേഗത്തിൽ തന്നെ ലഭ്യമാക്കാൻ സാധിക്കും.

ഏപ്രിൽ മാസത്തോടെ സാമ്പത്തിക മാന്ദ്യം കുറയുമെന്നാണ് പ്രതീക്ഷയെന്നും അതിന്റെ തുടർച്ചയായി തുക ലഭ്യമാക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പഞ്ചായത്ത് മുനിസിപ്പൽ റോഡുകൾ അഭിവൃദ്ധിപെടുത്തേണ്ടതുണ്ട്. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും പഞ്ചായത്ത് റോഡുകളുടെ പട്ടിക ഉടൻ ലഭ്യമാക്കും. പട്ടിക ലഭിച്ചാലുടൻ തുടർ നടപടികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നാലായിരത്തോളം സർക്കാർ കെട്ടിടങ്ങൾ, 514 പാലങ്ങൾ എന്നിവ ഈ കാലയളവിൽ സർക്കാർ പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.