മാതമംഗലം: കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 24.65 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ വെള്ളോറ കക്കറ കടുക്കാരംമുക്ക് ചക്കാലക്കുന്ന് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. ഗ്രാമീണ ജനങ്ങൾക്ക് സ്വപ്നം കാണാൻ മാത്രം സാധിച്ചിരുന്ന റോഡുകളാണ് ഈ ഗവൺമെന്റിന്റെ കാലത്ത് യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. ആധുനിക രീതികൾ കൂടി ഉൾപ്പെടുത്തി ദീർഘകാലാടിസ്ഥാനത്തിലാണ് ഓരോ നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നത്.
വെള്ളോറയിൽ നിന്ന് ആരംഭിച്ച് കക്കറ കായപ്പൊയിൽ ചക്കാലക്കുന്ന് വഴി കടുക്കാരം മുക്ക് വരെയുള്ള 11.247 കിലോമീറ്ററാണ് നിർമ്മാണം പൂർത്തിയാക്കിയത്. നിലവിലുളള റോഡിന്റെ വീതി 12 മീറ്റർ ആയി വർദ്ധിപ്പിച്ച് ആവശ്യമായ ഭാഗങ്ങളിൽ ഗ്രാനുലാർ സബ് ബേസ്, വെറ്റി മിക്‌സ് മെക്കാഡം എന്നീ ലെയറുകൾക്ക് മുകളിൽ 7 മീറ്റർ വീതിയിൽ ബിറ്റു മിനസ് മെക്കാഡം, ബിറ്റുമിനസ് കോൺക്രീറ്റ് എന്നീ ഉപരിതലവും ഉൾപ്പെടുന്നതാണ് പ്രവൃത്തി. ആവശ്യമായ ഇടങ്ങളിൽ കലുങ്കുകൾ, പാർശ്വഭിത്തി, കോൺക്രീറ്റ് ഓടകൾ, കവറിംഗ് സ്ലാബുകൾ, റോഡ് സുരക്ഷ ട്രാഫിക് ബോർഡുകൾ, റോഡ് സ്റ്റഡുകൾ, ഫൂട്ട് പാത്തുകൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്.
സി കൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. . എക്‌സിക്യുട്ടീവ് എഞ്ചിനീയർ എം ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .പി ദിവ്യ, എരമം കുറ്റുർ പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യഭാമ, എന്നിവർ പ്രസംഗിച്ചു.