പറശ്ശിനിക്കടവ് :പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന് ജെയിംസ് മാത്യു എം.എൽ.എ തറക്കല്ലിട്ടു. ദിനംപ്രതി നൂറോളം രോഗികളെത്തുന്ന പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായാണ് ഉയർത്തുന്നത്.
രണ്ടര കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾക്കൊപ്പം ലാബ്, പ്രീ ചെക്ക്അപ് ഏരിയ, ഒബ്‌സർവേഷൻ റൂം, വെയിറ്റിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങളും രോഗികൾക്ക് ലഭ്യമാക്കും.
ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി.കെ.ശ്യാമള അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വെസ് ചെയർമാൻ കെ.ഷാജു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായിക്, ജില്ലാ പ്രോഗാം മാനേജർ ഡോ. കെ വി ലതീഷ്, ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. ഇ മോഹനൻ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. കെ സി സച്ചിൻ, പറശ്ശിനിക്കടവ് എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ജിത വിജയ് എന്നിവർ പ്രസംഗിച്ചു.