തളിപ്പറമ്പ: തളിപ്പറമ്പിൽ പൊലീസ് ട്രാഫിക് നിയന്ത്രണം കർശനമാക്കി. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാർച്ച് 20 വരെ നടക്കുന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുൾപ്പെടെ ആളുകൾ എത്താറുണ്ട്. അതു കാരണം ഉത്സവ സീസണിൽ കടുത്ത വാഹനപ്പെരുപ്പം തളിപ്പറമ്പിൽ അനുഭവപ്പെടാറുണ്ട്.
ദൂരസ്ഥലങ്ങളിൽ ജോലിക്കും മറ്റുമായി പോകുന്നവർ റോഡരികിൽ വാഹനം നിറുത്തിയിടുന്ന അവസ്ഥയുണ്ട്. അതിരാവിലെ ഇങ്ങനെ നിറുത്തുന്ന വാഹനങ്ങൾ രാത്രി ഏറെ വൈകിയാണ് തിരികെയെടുക്കാറുള്ളത്. ഇക്കാരണത്താൽ പകൽ സമയങ്ങളിൽ പോലും ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. തൃച്ചംബരം ഉത്സവത്തിന്റെ ഭാഗമായുള്ള തിടമ്പുനൃത്തം അരങ്ങേറുന്ന പൂക്കോത്ത് നടയിൽ പോലും ഇങ്ങനെ വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് ട്രാഫിക് പൊലീസ് കർശന നടപടിയുമായി രംഗത്തിറങ്ങിയതെന്ന് എസ്.ഐ കെ. വി. മുരളി പറഞ്ഞു.
ട്രാഫിക് നിയന്ത്രണത്തിന്റെ ആദ്യപടിയായി റോഡരികിലും മറ്റും നിറുത്തിയിട്ട വാഹനങ്ങളിൽ പൊലീസ് സ്റ്റിക്കർ പതിച്ചു. ഇവരിൽ നിന്ന് പിഴ ഈടാക്കും. പൂക്കോത്ത് നടയിലും തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള വഴിയിലും അനധികൃതമായി നിറുത്തിയിട്ട വാഹനങ്ങൾക്കെതിരെയാണ് പൊലീസ് പ്രധാനമായും നടപടി സ്വീകരിച്ചത്. വരും ദിവസങ്ങളിലും കർശന നടപടി തുടരാനാണ് ട്രാഫിക് പൊലീസിന്റെ തീരുമാനം.