പയ്യന്നൂർ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പയ്യന്നൂരിൽ 108 അംഗനമാർ ഒരുമിച്ച് ഒരേ വേദിയിൽ കേരളത്തിന്റെ തനത് കലാരൂപമായ മോഹിയാട്ടമവതരിപ്പിച്ച് കൈയടി നേടി. പയ്യന്നൂർ നഗരസഭ, ജനമൈത്രി പോലീസ്, വനിതാ ശിശുവികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ അന്നൂർ കലാ മണ്ഡപമാണ് നഗരസഭയിലെ 44 വാർഡുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ആറു മുതൽ 60 വയസുവരെയുള്ള വനിതകളെ ഒരുമിച്ച് അണിനിരത്തി ശത മോഹിനി എന്ന പേരിൽ മോഹിനിയാട്ടം അവതരിപ്പിച്ചത്.
ഗവ. ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ശത മോഹിനിമാർ ലാസ്യലയ മോഹനസന്ധ്യ തീർത്തത്. കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് നേടിയ കലാമണ്ഡപം ഡയറക്ടർ എ.കെ.അപർണയുടെ ശിക്ഷണത്തിൽ നഗരസഭാ പരിധിയിലെ നാല് കേന്ദ്രങ്ങളിൽ കഴിഞ്ഞ രണ്ട് വർഷമായി പരിശീലനം നേടിയവരാണ് ശത മോഹിനി മോഹിനിയാട്ടം അവതരിപ്പിച്ചത്. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വലിന്റെ അദ്ധ്യക്ഷതയിൽ സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സി.എ.ബിന്ദു. മുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ കെ പി .ജ്യോതി , വി.ബാലൻ, പി.പി.ദാമോദരൻ, കെ, കവിത, എം.വി.ശരണ്യ തുടങ്ങിയവർ സംസാരിച്ചു.