കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ദമ്പതികളടക്കം മൂന്നുപേരെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഉംറ കഴിഞ്ഞെത്തിയവരാണ് ദമ്പതികൾ. മുൻകരുതലിന്റെ ഭാഗമായാണ് ഇവരെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. പേടിക്കേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും പരിശോധനക്ക് വിധേയമാവണമെന്ന് ആരോഗ്യ അധികൃതർ പറയുന്നു. ജില്ലയിൽ അതീവ ജാഗ്രത തുടർന്നുവരികയാണെന്ന് ജില്ലാ കളക്ടർ ഡി. സജിത് ബാബു അറിയിച്ചു. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും വിദേശത്ത് നിന്നും എത്തുന്നവർ വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ജില്ലാ കൊറോണ കൺട്രോൾ സെല്ലിലേക്ക് വിളിച്ചറിയിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് അറിയിച്ചു. ഫോൺ: 9946000493.

പ്രവാസികൾ ആശങ്കയിൽ
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വിവിധ ഗൾഫ് രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ അവധിയിൽ നാട്ടിലെത്തിയ പ്രവാസികൾ ആശങ്കയിലായി . കുവൈത്തിൽ ഇന്ത്യയിൽ നിന്നടക്കമുള്ള ഏഴ് രാജ്യങ്ങളുടെ വിമാന സർവീസ് നിർത്തലാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് സൗദിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഏതാനും പേർ പരിശോധനക്കും മെഡിക്കൽ സർട്ടിഫിക്കറ്റിനുമായി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് സംബന്ധിച്ച് തങ്ങൾക്ക് നിർദ്ദേശം ലഭിച്ചില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മെഡിക്കൽ സർട്ടിഫിക്കറ്റിന് ആരെ സമീപിക്കണമെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് പ്രവാസികൾ.