പനത്തടി: കലമാനിനെ വേട്ടയാടി കൊന്ന് ഇറച്ചിയാക്കി കടത്തിക്കൊണ്ടുപോയ കുറ്റകൃത്യത്തിലെ മൂന്ന് പ്രതികളെ വനപാലകർ പിടികൂടി. കഴിഞ്ഞ മാസം അഞ്ചിന് പനത്തടിയിലെ പി.ജെ ജെയിംസ് എന്നയാളുടെ വീട്ടിൽ നിന്നാണ് കലമാന്റെ കറി വെച്ചതും ഭാഗികമായി വേവിച്ചതുമായ ഇറച്ചി പിടികൂടിയത്.
ഇയാൾ ഈ കേസിൽ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയിരുന്നു. മറ്റ് പ്രതികളെല്ലാം ഒളിവിലായിരിന്നു. ഈ പ്രതികളെയാണ് കാസർകോട് ഫ്ളയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ എം കെ നാരായണൻ , കാഞ്ഞങ്ങാട് റെയിഞ്ച് ഓഫീസർ കെ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
ദാമോദരൻ ( 51) മധുസൂദനൻ (33 )രാജേഷ് (35 ) എന്നിവരെയാണ് പിടികൂടിയത്. കലമാനിനെ വെടിവെച്ച ഗംഗാധരൻ എന്ന പ്രതിയെക്കൂടി പിടികൂടാനുണ്ട്. ഇവർ മറ്റ് പല വന്യ ജീവി കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടവരാണെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം. കൂടുതൽ അന്വേഷണം നടത്തി വരുന്നു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.മധുസൂദനൻ , ടി.പ്രഭാകരൻ, ബി എസ്. വിനോദ് കുമാർ, സി.ജെ - ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.രാജു, പി.ശ്രീധരൻ ,ആർ കെ.രാഹുൽ, ജി എ ജിതിൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.