കേളകം: പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ വയോധികനെ കേളകം പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റുചെയ്തു. കണിച്ചാർ സ്വദേശി ജോസഫിനെയാണ് (67) കേളകം പൊലീസ് പോക്‌സോ ആക്ട് പ്രകാരം കസ്റ്റഡിയിൽ എടുത്തത്.മാർച്ച് 7നായിരുന്നു കേസിനാസ്പദമായ സംഭവം. ആദിവാസി വിദ്യാർത്ഥിയെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
ഇരട്ടത്തോട്ടിലെ യുവാവിന്റെ ദുരൂഹ മരണം;
ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെടുന്നു
കേളകം: ഇരട്ടത്തോട്ടിലെ ആദിവാസി യുവാവ് രവി ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും സമാനമായ രോഗലക്ഷണങ്ങളോടെ കുടുംബത്തിലെ അഞ്ച് പേർ അവശനിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ആശുപത്രിയിൽ കഴിയുന്ന മറ്റുള്ളവരുടെ നിലയിൽ പുരോഗതി.
രവിയുടെ ഭാര്യ മിനിയെ ഇന്ന് വാർഡിലേക്ക് മാറ്റും. മിനിയുടെ അച്ഛൻ വേലായുധന്റെ ഡയാലിസിസ് പൂർത്തിയായി. സഹോദരൻ മഹേഷിന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. മക്കളായ ജിഷ്ണുവും ജിൻസും അപകടനില തരണം ചെയ്തതായി മെഡിക്കൽകോളേജ് അധികൃതർ അറിയിച്ചു.
അതെ സമയം കുടുംബത്തിലെ അംഗങ്ങളൊന്നാകെ ഭക്ഷ്യവിഷബാധയ്ക്ക് തുല്യമായ അവസ്ഥയിലെത്തിയതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് രവിയുടെ മൂത്ത മകൻ ജിഷ്ണുണുവിനെ (9) ഛർദ്ദിയും വയറിളക്കവുമായി ചുങ്കക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അസുഖം കുറഞ്ഞതിനെത്തുടർന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാത്രി വൈകി രവിക്കും ഛർദ്ദിയും വയറിളക്കവും തുടങ്ങി. പുലർച്ചെ ഇളയ മകൻ ജിൻസിനും സമാനമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അവശരായ രവിയെയും മക്കളെയും നാട്ടുകാർ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുംവഴി ഇരിട്ടിയിലെത്തുന്നതിന് മുമ്പ് രവി മരിക്കുകയായിരുന്നു.
കുട്ടികളെ കണ്ണൂർ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുന്നതിനിടയിൽ രവിയുടെ ഭാര്യാസഹോദരൻ മഹേഷിനെയും പിതാവ് വേലായുധനെയും തൊട്ടുപിന്നാലെ രവിയുടെ ഭാര്യ മിനിയേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
യശ്വന്തപുരം ട്രെയിനിന് യാത്രയയപ്പ് നൽകി
കണ്ണൂർ: സ്വതന്ത്ര ട്രെയിനാക്കി കന്നിയാത്ര തുടങ്ങിയ കണ്ണൂർ ബംഗ്ലൂരു ( യശ്വന്തപുരം) തീവണ്ടിക്ക് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ യാത്രക്കാർ യാത്രയയപ്പ് നൽകി.15 കോച്ചുകൾ വർദ്ധിപ്പിച്ചതിന് ശേഷം തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടപ്പോൾ ലോക്കോ പൈലറ്റ് സുരേഷിന് പാസഞ്ചേർസ് കോഓർഡിനേഷൻ ഭാരവാഹികൾ റോസാപ്പൂവും മധുര പലഹാരവും നൽകി യാത്രാമംഗളം നേർന്നു.കോഓർഡിനേഷൻ ചെയർമാൻ അഡ്വ.റഷീദ് കവ്വായി, കോഓർഡിനേറ്റർ ദിനു മൊട്ടമ്മൽ, ആർട്ടിസ്റ്റ് ശശികല, രാജൻ തീയറേത്ത്,ജി.ബാബു, മനോജ് കൊറ്റാളി, എം.മജീദ് എന്നിവർ നേതൃത്വം നൽകി.
പടം: കോച്ചുകൾ കൂട്ടി സ്വതന്ത്ര ട്രെയിനാക്കി കന്നിയാത്ര പുറപ്പെട്ട കണ്ണൂർ ബംഗ്ലൂരു തീവണ്ടിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാർ യാത്രയയപ്പ് നൽകിയപ്പോൾ.