കണ്ണൂർ: കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷിനെതിരായ ഇടതുമുന്നണിയുടെ അവിശ്വാസപ്രമേയം 20ന് ചർച്ച ചെയ്യും. കളക്ടറുടെ അധ്യക്ഷതയിൽ രാവിലെ ഒമ്പതിനു ചേരുന്ന കൗൺസിൽ യോഗത്തിലാണ് അവിശ്വാസ പ്രമേയത്തിന്മേൽ ചർച്ച നടക്കുക. തുടർന്ന് വോട്ടെടുപ്പ് നടക്കും.
ശനിയാഴ്ചയാണ് കലക്ടർ ടി.വി സുഭാഷിന് ഇടതുമുന്നണി അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്. പി.കെ രാഗേഷ് നടത്തുന്ന ഏകാധിപത്യ ഭരണം, ജനാധിപത്യവിരുദ്ധ തീരുമാനങ്ങൾ, ഇടതു കൗൺസിലർമാരുടെ വാർഡുകളോടുള്ള വിവേചനം തുടങ്ങിയ വിഷയങ്ങളാണ് അവിശ്വാസത്തിന് കാരണമായി നോട്ടീസിൽ പറയുന്നത്.
മേയർ സ്ഥാനം കൈമാറുന്നതു സംബന്ധിച്ച് കോൺഗ്രസും മുസ്ലിംലീഗും തമ്മിൽ തർക്കം നടക്കുന്നതിനിടെയാണ് ഡെപ്യൂട്ടി മേയർക്കെതിരെ അവിശ്വാസപ്രമേയം വന്നത്. മേയർ സുമ ബാലകൃഷ്ണന്റെ ആറുമാസ കാലാവധി ഈ മാസം നാലിന് അവസാനിച്ചതിനാൽ ഉടൻ രാജിവയ്ക്കണമെന്നാണ് ലീഗിന്റെ ആവശ്യം. ആദ്യ ആറുമാസം കോൺഗ്രസിനും ബാക്കി ലീഗിനും എന്നതായിരുന്നു യു.ഡി.എഫിലെ ധാരണ. 55 അംഗ കൗൺസിലിൽ കോൺഗ്രസിന് രാഗേഷ് ഉൾപ്പെടെ 18 അംഗങ്ങളും മുസ്ലിംലീഗിന് പത്ത് അംഗങ്ങളുമാണുള്ളത്. എൽ.ഡി.എഫിൽ സി.പി.എം 25, സി.പി.ഐ രണ്ട്.