കാസർകോട് : പച്ചക്കറി കട ജീവനക്കാരന്റെ പതിനായിരം രൂപ കവർന്ന സംഘത്തിലെ ഒരാൾ കസ്റ്റഡിയിൽ. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ കുമ്പള ബദിയടുക്ക റോഡിലാണ് സംഭവം. കുമ്പളയിലെ പച്ചക്കറിക്കട ജീവനക്കാരനും പൊലീസ് സ്റ്റേഷന് സമീപത്തെ താമസക്കാരനുമായ സുരേഷിന്റെ പണമാണ് കവർന്നത്.
രാവിലെ ആറര മണിയോടെ കടയിലേക്ക് നടന്നുവരുന്നതിനിടെ രണ്ടുപേർ സുരേഷിന്റെ ട്രൗസറിന്റെ കീശയിലുണ്ടായിരുന്ന പണം കവരുകയായിരുന്നു. സംഭവം കണ്ട് രണ്ട് ചുമട്ടുതൊഴിലാളികൾ പിന്തുടർന്ന് സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് ഒരാളെ പിടികൂടുകയായിരുന്നു. മറ്റൊരാൾ രക്ഷപ്പെട്ടു. കസ്റ്റഡിയിലെടുത്ത യുവാവിനെ കുമ്പള പൊലീസ് ചോദ്യം ചെയ്തുവരുന്നു. സുരേഷിൽ നിന്ന് നേരത്തേയും രണ്ട് തവണ പണം കവർന്നിരുന്നു. 25,000, 5,000 രൂപ വീതമാണ് അന്ന് നഷ്ടപ്പെട്ടത്.
പോക്‌സോ കേസ് പ്രതി
ഡൽഹിയിൽ പിടിയിൽ
കാസർകോട്: പോക്‌സോ കേസിൽ പ്രതിയായ ബദിയടുക്ക സ്വദേശി ഗൾഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡൽഹിയിൽ പിടിയിലായി. ബദിയടുക്ക നെല്ലിക്കട്ടയിലെ അബ്ദുൽ ഫഹദ് (26) ആണ് ഡൽഹി വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ പത്താംതരം വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഫഹദിനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. പൊലീസ് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവിൽ പോവുകയാണുണ്ടായത്. ഫഹദ് പിടിയിലായ വിവരമറിഞ്ഞ് ബദിയടുക്ക എസ്.ഐ അനീഷ്, സിവിൽ പൊലീസ് ഓഫീസർ മധു എന്നിവർ കഴിഞ്ഞ രാത്രി ഡൽഹിയിലേക്ക് പോയി.
കന്നുകാലി മോഷണം രണ്ടു പേർ പിടിയിൽ
കാസർകോട് : കന്നുകാലി മോഷണ സംഘത്തിലെ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു. രക്ഷപ്പെട്ട രണ്ടുപ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഉള്ളാൾ കോടി ഹൗസിലെ സയിദ് അഫ്രീദി (20), മംഗളൂരു ബോളിയൂരിലെ മുഹമ്മദ് ആരിഫ് (26) എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെട്ട ബോളിയൂർ സ്വദേശികളായ റമീസ് (23), ഷബീർ (21) എന്നിവരെയാണ് പൊലീസ് അന്വേഷിച്ചുവരുന്നത്. കന്നുകാലികളെ കടത്തികൊണ്ടുപോകാൻ സംഘം വാടകക്കെടുത്ത റിട്സ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
മണിമുണ്ട, മുസോടി ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ 30ലേറെ പശുക്കൾ മോഷണം പോയിരുന്നു. പിടിയിലായ പ്രതികൾ കർണാടകയിലെ വിവിധ സ്റ്റേഷനുകളിൽ കന്നുകാലി മോഷണം, വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.