ക്ഷീരകർഷകർ പശുവളർത്തലിൽ നിന്ന് പിന്നോട്ട്
പാലിനും ക്ഷാമം
കറ്റപ്പുല്ലിന് വില
കഴിഞ്ഞവർഷം 6 രൂപ
ഈവർഷം 9 രൂപ
നീലേശ്വരം: വൈക്കോൽ കിട്ടാനില്ലാതെ ക്ഷീരകർഷകർ നെട്ടോട്ടമോടുന്നു. കഴിഞ്ഞ പ്രളയത്തിൽ കൃഷി നശിക്കുകയും, തുലാവർഷം കുറയുകയും ചെയ്തതോടെയാണ് വൈക്കോൽ ക്ഷാമം രൂക്ഷമായത്.
വൈക്കോൽ കിട്ടാതായതോടെ ക്ഷീരകർഷകരിൽ ചിലർ പശുവളർത്തൽ മേഖലയിൽ നിന്ന് പിൻവാങ്ങുകയുമാണ്. ക്ഷീരകർഷകർ പിന്നോട്ട് വലിഞ്ഞതോടെ പാലിനും ക്ഷാമം രൂക്ഷമായി.
മുൻകാലങ്ങളിൽ കർണ്ണാടകയിൽ നിന്ന് ലോറിയിൽ വൈക്കോൽവരാറുണ്ടായിരുന്നു. ഈ വർഷം കർണ്ണാടകയിലും വൈക്കോലിന് ക്ഷാമം നേരിട്ടതോടെ അവിടെയുള്ള ക്ഷീരകർഷകർ വൈക്കോൽ കൊണ്ടുവരുന്ന ലോറികൾ തടഞ്ഞുവെച്ചതോടെയാണ് അവിടെ നിന്നുള്ള വൈക്കോൽ വരവ് നിലച്ചത്. കൂടാതെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയതും വൈക്കോൽ വരവിനെ ബാധിച്ചുവെന്ന് കച്ചവടക്കാർ പറയുന്നു.
ഇവിടെയുള്ള വയലുകളിൽ വിളവെടുത്തപ്പോൾ മെതിയന്ത്രം ഉപയോഗിച്ച് മെതിച്ചതിനാൽ ആവശ്യത്തിന് വൈക്കോൽ കിട്ടാതെയുമായി. കൈകൊണ്ട് മെതിച്ച കറ്റപ്പുല്ല് ചുിലയിടത്തുണ്ടെങ്കിലും വൻ വിലയാണ് ഈടാക്കുന്നത്.കഴിഞ്ഞവർഷം 6 രൂപയ്ക്ക് കിട്ടിയ കറ്റപ്പുല്ലിന് ഈ വർഷം 9 രൂപയാണ് ഈടാക്കുന്നത്. ഈ വില ക്ഷീരകർഷകനെ സംബന്ധിച്ചിടത്തോളം താങ്ങാൻ പറ്റാത്തതാണ്.
സാധാരണയായി ക്ഷീരകർഷകർ പശുക്കളെ രാവിലെ വയലിലും പറമ്പിലും കെട്ടുക പതിവായിരുന്നു.എന്നാൽ ഈ വർഷം മാർച്ച് മാസത്തിൽ തന്നെ ചുട് കൂടിയതിനാൽ പശുക്കളെ പുറത്തു കെട്ടാൻ പറ്റാത്ത അവസ്ഥയാണ്.
പ്രളയംകാരണം വൈക്കോൽ നശിച്ചതും പുതിയയിനം ഉയരം കുറഞ്ഞ ചെടികളുടെ നെൽകൃഷിയുമാണ് വൈക്കോൽ ക്ഷാമം രൂക്ഷമാക്കിയത്
നീലേശ്വരം കൃഷി ഓഫീസർ