തലശ്ശേരി: ബ്രിട്ടീഷ് ഭരണകാലത്ത് തലശ്ശേരി നഗരത്തിലുണ്ടായിരുന്ന വൻകിട യൂറോപ്യൻ കമ്പനികൾക്ക് വയനാട്, കുടക് മേഖലകളിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങളും മലഞ്ചരക്കുകളും എത്തിക്കുന്ന ട്രാൻസ്‌പോർട്ട് കോൺട്രാക്ടറായിരുന്ന മിടുക്കൻ ചാത്തൻ മേസ്ത്രിക്ക് യാദൃച്ഛികമായാണ് ഗുരുവിനെ കാണാനും അടുത്തറിയാനും ഭാഗ്യമുണ്ടായത്. അതോടെ ചാത്തൻ മേസ്ത്രി ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യനുമായി.
ജഗന്നാഥ ക്ഷേത്ര നിർമ്മാണ വേളയിൽ പൂജാദികർമ്മങ്ങൾക്കുള്ള ക്ഷേത്രത്തിനകത്തെ മണിക്കിണർ നിർമ്മിച്ചു നൽകിയത് കതിരൂർ മൂന്നാം മൈലിലെ മിടുക്കൻ ചാത്തൻ മേസ്ത്രിയാണ്. മാത്രമല്ല തൊട്ടുപിറകെ ഗുരു നിർമ്മിച്ച കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിനും മണിക്കിണർ നിർമ്മിച്ചു നൽകാൻ മേസ്ത്രിക്ക് ഭാഗ്യമുണ്ടായി.
ജീവകാരുണ്യ രംഗത്തും ഗുരുദർശനങ്ങളുടെ പ്രചാരണത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച മേസ്ത്രി സ്വന്തം നാട്ടിലെ പൊന്ന്യം ഗുരുചരണാലയം സ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. ആദ്യത്തെ മഠം പ്രസിഡന്റുമായി. ഗുരു നേരിൽ കണ്ട് നിർദ്ദേശിച്ച സ്ഥലത്താണ് മഠം നിർമ്മിച്ചത്. 1925 ലാണ് ഇതിന്റെ രജിസ്‌ട്രേഷൻ നടന്നത്. അതിപ്രശസ്തരായ സന്യാസിശ്രേഷ്ഠരും സാംസ്‌കാരിക നായകരും മഠം സന്ദർശിച്ചിട്ടുണ്ട്. നിത്യചൈതന്യയതി, സൈഗാൾ സ്വാമികൾ, സ്വാമി പരാനന്ദ, ശുഭാംഗനാനന്ദ സ്വാമി തുടങ്ങിയ ശ്രേഷ്ഠ വ്യക്തിത്വങ്ങൾ ഇതിലുൾപ്പെടും. സാന്ത്വന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി മഠത്തിന്റെ അദ്ധ്യക്ഷ പദവിയിലിരിക്കുന്ന പി.സി. രഘുറാം മാസ്റ്റരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നത്. വിവാഹ ചടങ്ങുകൾക്ക് സൗജന്യ നിരക്കാണ് ഇവിടെ നിന്ന് ഈടാക്കുന്നുള്ളൂ. ചാത്തൻ മേസ്ത്രിയുടെ കാഴ്ചപ്പാടുകൾ തന്നെയാണ് ഇന്നും മഠം കമ്മിറ്റി അനുവർത്തിക്കുന്നത്.
ചാത്തൻ മേസ്ത്രിയുടെ മകൻ കുഞ്ഞിരാമന്റെ മകൻ സജീന്ദ്രനാഥ് മംഗലാപുരത്ത് ബിസിനസ്സുകാരനും ദീർഘകാലം കേരള സമാജം പ്രസിഡന്റുമായിരുന്നു. ഗന്ധർവ്വ ഗായകൻ യേശുദാസിന്റെ ആത്മമിത്രമാണ് സജീന്ദ്രൻ
മെയിൻ റോഡിൽ നിന്നും ചാത്തൻ മേസ്ത്രിയുടെ വീട്ടിലേക്ക് കടക്കുമ്പോൾ തന്നെ നമുക്ക് മനസ്സിന് കുളിരനുഭവപ്പെടും. ഗുരുസന്ദർശിച്ച വീടായതിനാൽ പഴയ വീട് പുനർനിർമ്മിക്കാനോ, രൂപമാറ്റം വരുത്താനോ പുതു തലമുറക്കാരും തയ്യാറായിട്ടില്ല. നിബിഢമായ മരങ്ങളുടെ ചോലയിൽ കിടക്കുന്ന ഓടിട്ട ഇരുനില വീട് ഗതകാല പ്രതാപത്തെ വിളംബരം ചെയ്യുന്നു.

ഗുരുദേവ സ്മരണയ്ക്ക് കിണർ

ഗുരുദേവൻ മൂന്നാം മൈലിലെ ചാത്തൻ മേസ്ത്രിയുടെ വീട് സർശിച്ചിരുന്നു. വീടിന് പിറകിലെ കുളത്തിലാണ് ഗുരു അന്ന് കുളിച്ചിരുന്നത്. കുളം ഇന്നില്ലെങ്കിലും, അതേ സ്ഥാനത്ത് ഒരു ചെറിയ കിണറാക്കി മാറ്റി ഗുരുസ്മരണയ്ക്കായി സംരക്ഷിച്ചു വെച്ചിട്ടുണ്ട്.

ഗുരു കുളിച്ച കുളം കിണറ്റക്കി സംരക്ഷിച്ചു നിർത്തിയിരിക്കുന്നു

ചാത്തൻ മേസ്ത്രിയുടെ വീട്