കണ്ണൂർ: വൃക്ക രോഗികളുടെ ക്ഷേമത്തിനായി സമഗ്ര വൃക്ക രോഗി സംരക്ഷണ പദ്ധതി നടപ്പാക്കണമെന്ന് കിഡ്‌നി കെയർ കേരള ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ ഇപ്പോൾ 1714 പേർ ഡയാലിസിസ് ചെയ്യുന്നുണ്ട്. മുന്നൂറ്റി അമ്പതോളം പേർ വൃക്ക മാറ്റിവച്ചവരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

നിയമ തടസം ഒഴിവാക്കി വൃക്ക മാറ്റിവയ്‌ക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക, സൗജന്യമായി മരുന്നും ഡയാലിസിസും ലഭ്യമാക്കുക, വൃക്ക മാറ്റിവയ്‌ക്കൽ ചെലവ് സർക്കാർ വഹിക്കുക, ചികിത്സയും മറ്റു ആനുകൂല്യങ്ങൾക്കും വൃക്ക രോഗികളുടെ വരുമാന പരിധി നിശ്ചയിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വൃക്ക രോഗികളും കുടുംബാംഗങ്ങളും ഉന്നയിക്കുന്നത്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഒൻപതിനു മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കും നിവേദനം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ പി.പി കൃഷ്ണൻ, ജെ.എസ് സുനിൽ, ഇ. ബാലകൃഷ്ണൻ, കെ. ജയരാജൻ, കെ.വി ജയറാം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.