കണ്ണൂർ: ഒരു കുഞ്ഞിനായുള്ള വർഷങ്ങളുടെ കാത്തിരിപ്പിന്റെ സന്തോഷം സമ്മാനിച്ച അനേകം കഥകളാണ് ജില്ലാ ആയുർവേദ ആശുപത്രിയിലെ സ്ത്രീരോഗ ഒ. പിക്ക് പറയാനുള്ളത്. പ്രസൂതി തന്ത്രം സ്ത്രീ രോഗ ചികിത്സാപദ്ധതിയിലൂടെ താലോലിക്കാൻ പൊന്നോമനകളെ കിട്ടിയ ദമ്പതികളും കുഞ്ഞുങ്ങളും ചികിത്സയിൽ തുടരുന്ന ഗർഭിണികളും അമ്മമാരും കൗമാരക്കാരും താലോലം പരിപാടിയിൽ ഒത്തു ചേർന്നു.

ലക്ഷങ്ങൾ പൊടിയുന്ന വന്ധ്യതാ ചികിത്സാരംഗത്ത് ഏറ്റവും സാധാരണക്കാരായ ദമ്പതികളുടെ ആശ്വാസ കേന്ദ്രമാവുകയാണ് ഈ ആതുരാലയം. 2018ൽ 15 ദിവസത്തേയ്‌ക്കു മാത്രമായി ഡോ. എസ്. സരിത പ്രസൂതി തന്ത്രപദ്ധതിയുടെ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റതായിരുന്നു. ഗർഭകാല പരിചരണവും പ്രസവാനന്തര പരിചരണവും ആർത്തവപ്രശ്‌നങ്ങളുമാണ് പദ്ധതിയിലുള്ളതെങ്കിലും പിന്നീടുള്ള നാളുകളിൽ കുഞ്ഞിനായി കാത്തിരുന്ന ജീവിതങ്ങളിൽ സന്തോഷം നിറയ്ക്കാൻ ഡോക്ടറുടെ ശ്രമങ്ങൾക്ക് കഴിഞ്ഞു. ഐ.വി.എഫ് ചികിത്സയിലൂടെ കടന്നു പോയവർ മുതൽ 40 കഴിഞ്ഞ് പ്രതീക്ഷ കൈവിട്ടവർ വരെ ഉള്ളിൽ വളർന്നു തുടങ്ങിയ കുഞ്ഞു സ്വപ്നവുമായാണ് ജില്ലാ ഗവ. ആയുർവേദ ആശുപത്രിയിലെ പ്രസൂതിതന്ത്രം സ്ത്രീ രോഗ ചികിത്സാ ഒ.പിയിൽ നിന്ന് ഇപ്പോൾ മടങ്ങുന്നത്.

പ്രശ്നം പേ വാർഡില്ലാത്തത്:

എന്നാൽ പ്രസൂതിതന്ത്രം വിഭാഗത്തിനു പേ വാർഡ് ഇല്ലാത്തതാണ് നിലവിൽ പ്രയാസം. ഇപ്പോൾ മറ്റു വിഭാഗത്തിലെ പേ വാർഡുകളിലെ ഒഴിവ് നോക്കിയാണ് ചികിത്സ നൽകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 35 പേർ കിടത്തി ചികിത്സ നടത്തിയിട്ടുണ്ട്. താലോലം പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. സുധ അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.എം ഡി.എം.ഒ ഡോ. എസ്.ആർ ബിന്ദു മുഖ്യാതിഥിയായി.