കണ്ണൂർ: നമ്മുടെ പുഴകളെല്ലാം ഇപ്പോൾ വൈറസ് ബാധിതരാണെന്നും മനുഷ്യർ തന്നെയാണ് ആ വൈറസുകളെന്നും എം. മുകുന്ദൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെയും മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ അഞ്ചരക്കണ്ടി പുഴ സംരക്ഷണ പദ്ധതിയുടെ കരട് രേഖ അവതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുഴയോടുള്ള നമ്മുടെ പരമ്പരാഗത ഇടപെടൽ തന്നെ അപകടകരമായതാണ്. സകലതും ഒഴുക്കിക്കളയാനുള്ള മാധ്യമമായാണ് പരമ്പരാഗതമായി തന്നെ നാം പുഴകളെ കണ്ടു വരുന്നത്. ഗംഗയുൾപ്പടെ നാം അഭിമാനത്തോടെ പറയുന്ന നദികളിൽ മൃതദേഹങ്ങൾ ഒഴുക്കുന്നതും പുഴയോരങ്ങളിൽ മൃതദേഹം കത്തിക്കുന്ന രീതി ഉൾപ്പടെയുള്ളവയും ഇതിന് ഉദാഹരണമാണ്. എന്നാൽ മറ്റ് രാജ്യങ്ങളിൽ വിദ്യാലയങ്ങൾക്കും സാംസ്‌കാരിക കേന്ദ്രങ്ങൾക്കുമൊക്കെയാണ് പുഴയോരങ്ങളെ ഉപയോഗപ്പെടുത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുഴ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന അഴുക്കിൽ നിന്ന് അഴകിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് അഞ്ചരക്കണ്ടി പുഴ സംരക്ഷണ പഠനം നടത്തിയത്. പുഴ കടന്നു പോകുന്ന 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള 442 പേരുടെ സന്നദ്ധ സേവനത്തിലൂടെയാണ് വിവരശേഖരണം നടത്തിയത്. സർവെ ഫോറങ്ങൾക്ക് പുറമെ ശാസ്ത്രസാഹിത്യ പരിഷത്ത് വികസിപ്പിച്ചെടുത്ത കൊബുട്ടൂൾ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് സർവെ പൂർത്തീകരിച്ചത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. വി. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു.
വിദഗ്ദ്ധ പദ്ധതി രേഖ തയാറാക്കും
കെ.വി. സുമേഷ്
പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്
ജില്ലയിലെ ജലസ്‌ത്രോതസുകൾ സംരക്ഷിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 'അഴുക്കിൽ നിന്നും അഴകിലേക്ക്' പദ്ധതിയുടെ ഭാഗമായി അഞ്ചരക്കണ്ടി പുഴ പുനർജനിക്കുന്നു. ഇതിനായുള്ള വിദഗ്ദ്ധ പദ്ധതി രേഖ തയ്യാറാക്കും. നടപടികൾ ഒരു മാസത്തിനകം ആരംഭിക്കും.