കാസർകോട്: ജനകീയ അംഗീകാരത്തോടെയും പിന്തുണയോടെയും വികസന പദ്ധതികൾ നടപ്പിലാക്കി മൂന്നു തവണ തുടർച്ചയായി സ്വരാജ് ട്രോഫി നേടി ഹാട്രിക് തികച്ച ചെറുവത്തൂർ ഗ്രാമപഞ്ചായത്തിന് മറ്റൊരു ബഹുമതി കൂടി.

2020 -21 വർഷത്തെ വാർഷിക പദ്ധതി മുൻകൂട്ടി തയ്യാറാക്കി സമർപ്പിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്ത് എന്ന ബഹുമതിയാണ് ജനകീയ പ്രസിഡന്റ് മാധവൻ മണിയറ നയിക്കുന്ന ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി നേടിയത്. പദ്ധതി വിഹിതം നൂറുശതമാനം ചെലവഴിച്ചതിനു പിന്നാലെ നികുതിപിരിവിലും 100 ശതമാനം നേട്ടം കൈവരിച്ച ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് അടുത്ത വർഷത്തെ പദ്ധതി തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തു. ഈ മൂന്നു നേട്ടവും ഒരുമിച്ചു കൈവരിച്ച ആദ്യത്തെ പഞ്ചായത്ത് എന്ന ബഹുമതിയാണ് ചെറുവത്തൂരിന് ലഭിച്ചത്.

ഈ മികവിനുള്ള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഉപഹാരം കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ കാസർകോട് എ.ഡി.എം എൻ. ദേവിദാസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറക്ക്‌ സമ്മാനിച്ചു. പദ്ധതി തയ്യാറാക്കുന്നതിനും നികുതിപിരിവിനും ഊർജ്ജിതമായി പ്രവർത്തിച്ച പഞ്ചായത്ത് ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കും പ്രസിഡന്റ് ഉപഹാരം സമ്മാനിച്ചു.

പടം. ചെറുവത്തൂർ ഗ്രാമപഞ്ചായത്തിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഉപഹാരം കാസർകോട് എ.ഡി.എം എൻ. ദേവിദാസ് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറക്ക് സമ്മാനിക്കുന്നു.