കൂത്തുപറമ്പ്: ടൗണിലെ ജ്വല്ലറിയിൽ നിന്നും ഒരു കിലോയോളം വെള്ളി ആഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. തളിപ്പറമ്പിനടുത്ത മുയ്യത്തെ മൂത്തോട്ടിൽ ഹൗസിൽ പ്രകാശനെ (52)യാണ് കൂത്തുപറമ്പ് പൊലീസ് പിടികൂടിയത്. ജനുവരി 23നാണ് ഗോകുൽ തെരുവിലെ പ്രകാശ് ജ്വല്ലറിയിൽ നിന്നും ഒരു കിലോയോളം തൂക്കം വരുന്ന വെള്ളി ആഭരണങ്ങൾ മോഷണം പോയത്. ഉച്ചക്ക് ഒരു മണിയോടെ ജീവനക്കാരുടെ കണ്ണ് വെട്ടിച്ചായിരുന്നു മോഷണം. 55,000 ത്തോളം രൂപ വിലയുള്ള വെള്ളി ആഭരണങ്ങളാണ് മോഷണം പോയിരുന്നത്. കടയിൽ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ പൊലീസ് തിരിച്ചറിയുകയായിരുന്നു. കൂത്തുപറമ്പ് സി.ഐ.എം.പി. ആസാദ്, എസ്.ഐ. കെ.വി.സ്മിതേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.