കണ്ണൂർ:കോർപ്പറേഷൻ പരിധിക്കുള്ളിലെ ഒാട്ടോ സ്റ്റാൻഡുകളിൽ മതിയായ പാർക്കിംഗ് സൗകര്യമില്ലാത്തത് ഒാട്ടോ തൊഴിലാളികളെ വലയ്‌ക്കുന്നു. കെ.സി പെർമിറ്റ് മാത്രം ഉപയോഗിച്ച് ചില ഒാട്ടോകൾ തോന്നിയ സ്റ്റാൻഡുകളിൽ പാർക്ക് ചെയ്യുന്നതും പ്രശ്നം രൂക്ഷമാക്കുന്നു. കെ.സി(കണ്ണൂർ കോർപ്പറേഷൻ)നമ്പർ ലഭിച്ചുവെന്ന കാരണത്താൽ കോർപ്പറേഷൻ പരിധിയിലെ എല്ലാ സ്റ്റാൻഡുകളിലും എല്ലാ ഒാട്ടോറിക്ഷകൾക്കും പാർക്ക് ചെയ്ത് സർവീസ് നടത്താൻ നിയമം അനുവദിക്കുന്നില്ലെന്നും പെർമിറ്റിൽ അനുവദിച്ച സ്ഥലത്ത് മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളുവെന്നും ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയും ട്രാൻസ്പോർട്ട് കമ്മിഷണറുടെയും ഉത്തരവുണ്ട്.ഇത് മറികടന്നാണ് പലരും അനധികൃത പാർക്കിംഗ് നടത്തുന്നത്.
. തോന്നിയ പോലെ പാർക്ക് ചെയ്യുന്നത് കാരണം ഒാട്ടോ തൊഴിലാളികൾ തമ്മിൽ വാക് തർക്കവും പതിവാണ്. കെ.സി പെർമിറ്റ് ഉണ്ടെന്ന് കാണിച്ചാണ് പലരും തോന്നിയ സ്റ്റാൻഡുകളിൽ പാർക്ക് ചെയ്ത് സർവീസ് നടത്തുന്നത്. നഗര പരിധിക്കുള്ളിൽ ഒാട്ടോറിക്ഷകൾക്ക് എത്രമാത്രം പാർക്കിംഗ് സൗകര്യങ്ങൾ ഉണ്ടെന്നതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് കോർപ്പറേഷനിൽ നിന്ന് ലഭിച്ചാൽ മാത്രമേ പാർക്കിംഗ് ക്രമീകരണത്തെ കുറിച്ച് തീരുമാനമെടുക്കാൻ കഴിയൂവെന്ന് 2019 ആഗസ്ത് 12 ന് ചേർന്ന ആർ.ടി.എ യോഗം തീരുമാനിച്ചിരുന്നു.
ഇത് സംബന്ധിച്ച് മേയർക്ക് കത്ത് നൽകിയിരുന്നെങ്കിലും കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് മറുപടിയുണ്ടായില്ലെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു. പാർക്കിംഗ് പ്രശ്നത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കാത്തതിനാൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി അയ്യായിരത്തോളം ഒാട്ടോറിക്ഷകളാണ് കണ്ണൂർ ടൗണിൽ വന്ന് പാർക്ക് ചെയ്ത് സർവീസ് നടത്തുന്നതെന്നും തൊഴിലാളികൾ പറയുന്നു. ഇത് നഗരത്തിൽ വലിയ ഗതാഗത തടസത്തിനും ഇടയാക്കാറുണ്ട്.നിയമം മറികടന്ന് നടത്തുന്ന അനധികൃത പാർക്കിംഗ്, അനുമതിയുള്ള രണ്ടായിരത്തി അഞ്ഞൂറോളം തൊഴിലാളികളെ വലയ്‌ക്കുകയാണ്.തൊഴിലാളികൾ അഭിമുഖീകരിക്കുന്ന ഈ പ്രശ്നത്തിൽ ആർ.ടി.എയും കോർപ്പറേഷൻ അധികാരികളും കാണിക്കുന്ന അവഗണനയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത് .
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി അയ്യായിരത്തോളം ഒാട്ടോറിക്ഷകളാണ് കണ്ണൂർ ടൗണിൽ വന്ന് പാർക്ക് ചെയ്ത് സർവീസ് നടത്തുന്നത്
നിയമം നടപ്പിലാക്കാൻ ആർ.ടി.ഒയും ആർ.ടി.എ ബോർഡും ഇതുവരെ തയാറായിട്ടില്ല
മിക്ക ഒാട്ടോ സ്റ്റാൻഡുകളിലും പാർക്കിംഗ് സൗകര്യം കുറവാണ്.വിപുലീകരിക്കാനുള്ള ശ്രമം നടത്തി വരികയാണ്.കെ.സി പെർമിറ്രുമായി ബന്ധപ്പെട്ട വിഷയത്തിൽ ബന്ധപ്പെട്ടവരുമായി ഉടൻ ചർച്ച നടത്തുന്നുണ്ട്
സുമ ബാലകൃഷ്ണൻ, മേയർ
പാർക്ക് ചെയ്യാൻ മതിയായ സൗകര്യമില്ലാതെ തെക്കിബസാറിലെ ഒാട്ടോസ്റ്റാ
ൻഡ്