health

പ്രതിരോധശക്തി വർദ്ധിപ്പിക്കുന്ന വീട്ടുമരുന്നായ വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങളെ കുറിച്ച് എല്ലാവർക്കും അറിയണമെന്നില്ല. ഇതിലടങ്ങിയ സൾഫർ സംയുക്തമായ അലിസിനാണ് വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾക്ക് കാരണം. വെളുത്തുള്ളി വേവിക്കുമ്പോൾ അലിസിൻ ഉണ്ടാകാൻ കാരണമായ അല്ലിനേസ് എന്ന എൻസൈമിന്റെ പ്രവർത്തനം നിലയ്ക്കുന്നതിനാൽ പച്ചയ്ക്ക് കഴിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് പറയാറുണ്ട്. മാംഗനീസ്, ജീവകം ബി, ജീവകം സി, സെലെനിയം, ഫൈബർ, കാത്സ്യം, കോപ്പർ, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയെല്ലാം വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്നു. കൂടാതെ അന്നജവും മാംസ്യവുമുണ്ട്. ആയുർവേദം പറയുന്നത് വെളുത്തുള്ളി വാതത്തെയും കഫത്തെയും കുറയ്ക്കുമെന്നാണ്. എന്നാൽ പിത്തദോഷത്തെ കൂട്ടും. ഉപ്പുരസം ഒഴിച്ച് എല്ലാ രസങ്ങളും വെളുത്തുള്ളിയിലുണ്ട്. നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ കുറയ്ക്കാനുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. ഇതിനാൽ ഹൃദ്രോഗവും പക്ഷാഘാതവും വരുന്നതിനെ ഇത് പ്രതിരോധിക്കുന്നു. മുഖക്കുരുവിനും ചർമരോഗങ്ങൾക്കുമുള്ള പ്രതിവിധിയായും വെളുത്തുള്ളിയെ ഉപയോഗിക്കാം. കൂടാതെ ക്ഷീണമകറ്റാനും കായികക്ഷമത കൂട്ടാനും കഴിവുണ്ട്. ദഹനം സുഗമമാക്കാനും വിരശല്യം അകറ്റാനും വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. ദിവസവും രണ്ടോ മൂന്നോ അല്ലി വെറുതേ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. വെളുത്തുള്ളി അർബുദം,​ അൽഷിമേഴ്സ് സാദ്ധ്യത കുറയ്ക്കുന്നതായും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ആന്റിബാക്ടീരിയൽ, ആന്റിബയോട്ടിക് ഗുണങ്ങളും വെളുത്തുള്ളിക്കുണ്ട്. പനിയും ജലദോഷവും വരുന്നതിനെ ഒരു പരിധിവരെ വെളുത്തുള്ളി തടയാറുണ്ട്. ബാക്ടീരിയൽ ഫംഗസ് അണുബാധകളെ ഇല്ലാതാക്കാനും തൊണ്ടവേദന അകറ്റാനും വെളുത്തുള്ളി സഹായിക്കുന്നു. ആർത്തവവിരാമം വന്ന സ്ത്രീകളിൽ ഈസ്ട്രജൻ നില മെച്ചപ്പെടുത്തി ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യതയെ വെളുത്തുള്ളി കുറയ്ക്കാറുണ്ട്. ആമവാതത്തിൽ വേദന കുറയ്ക്കാൻ പേസ്റ്റ് രൂപത്തിൽ തേയ്ക്കാറുണ്ട്.

ഡോ. ഇറിന എസ്. ചന്ദ്രൻ

പുല്ലായിക്കൊടി ആയുർവേദ,

പൂക്കോത്ത് നട,

തളിപ്പറമ്പ്.

ഫോൺ: 9544657767.