കാസർകോട്: ഗൾഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ‌ഡൽഹിയിൽ പിടിയിലായ പോക്‌സോകേസിലെ പ്രതിയെ പൊലീസ് നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. നെല്ലിക്കട്ടക്കടുത്ത ചെർളടുക്കയിലെ അബ്ദുൽ സാഹിദിനെ (26) യാണ് ബദിയടുക്ക പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ പത്താംതരം വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിൽ സാഹിദിനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ സാഹിദ് ഗൾഫിലേക്ക് കടക്കാനായി ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് എമിഗ്രേഷൻ അധികൃതരുടെ പിടിയിലായത്. സാഹിദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.