1

പരിയാരം (കണ്ണൂർ): രവീന്ദ്രൻ മാഷിനും കുടുംബത്തിനും രാവിലെ ഉണരാൻ അലാറം വയ്‌ക്കേണ്ട.കുറിക്കണ്ണൻ കാട്ടുപുള്ളിന്റെ ചിലപ്പു കേട്ടാലറിയാം, ആറു മണി കൃത്യം! ആ ഉണർത്തുപാട്ടിനു പിന്നാലെ തെക്കൻ കരിങ്കിളിയും ഇരട്ടത്തലച്ചിയും വരും. പതിയെപ്പതിയെ പറമ്പിൽ തിരക്കേറും. വേനൽച്ചൂട് കടുത്തതോടെ മാഷുടെ വീട്ടുമുറ്റത്ത് കലപിലയൊഴിഞ്ഞ നേരമില്ല. പറന്നെത്തുന്ന അതിഥികൾക്കായി മാഷും കുടുംബവും തീറ്റയും വെള്ളവും ഒരുക്കിവയ്‌ക്കാൻ തുടങ്ങിയിട്ട് വർഷം പന്ത്രണ്ടായി.

പരിയാരം ഏമ്പേറ്റ് കൂലോത്തുവളപ്പിൽ വീടും പരിസരവും കിളികൾക്കായി വിട്ടുകൊടുത്തിരിക്കുകയാണ് രവീന്ദ്രൻ മാഷ്. കിളികളോട് ചെല്ലം പറയാൻ ഇവിടെ ഭാര്യ ഷീജയും പ്ളസ് ടു കഴിഞ്ഞ മകൾ നിമയും എൺപത്തഞ്ചിലെത്തിയ അമ്മൂമ്മ കുഞ്ഞാതിയുമുണ്ട്. തളിപ്പറമ്പ് കൊട്ടില ഗവ. ഹയർ സെക്കൻ‌ഡറി സ്കൂളിൽ അദ്ധ്യാപകനായിരുന്ന രവീന്ദ്രൻ മാഷിന് റിട്ടയർമെന്റിനു ശേഷം നേരമ്പോക്കിന് മറ്റൊന്നും വേണ്ട. ചെറുപ്പത്തിൽ പക്ഷിനിരീക്ഷണത്തിൽ തുടങ്ങിയ കൗതുകം കിളികളോടുള്ള പ്രണയമായി വളരുകയായിരുന്നു. ഭൂമിയുടെ യഥാർത്ഥ അവകാശികൾ പക്ഷികളാണെന്നാണ് മാഷുടെ പക്ഷം. അവയെ സ്നേഹിക്കുകയെന്നാൽ ഭൂമിയെ സ്നേഹിക്കൽ തന്നെ.

വീടിനു ചുറ്റും പക്ഷികൾക്കു തണലൊരുക്കുന്ന വള്ളിപ്പടർപ്പുകൾ. കുടിക്കാൻ പറമ്പിൽ തെളിനീരു നിറച്ച അമ്പതോളം ചട്ടികൾ. ഇലഞ്ഞി. ഈന്ത്,​ ബേർഡ്സ് ചെറി,​ ബേർഡ്സ് ആപ്പിൾ തുടങ്ങി പത്തുപന്ത്രണ്ട് ഇനം മരങ്ങളിലായാണ് കിളിക്കൂട്ടം ചേക്കേറുക. ഇവയുടെ പഴങ്ങളാണ് ഭക്ഷണം. രവീന്ദ്രൻ ഈ വകയൊക്കെ നട്ടുവളർത്തിയത് അതിഥികളെ കരുതിത്തന്നെ. മൺചട്ടിയിൽ കിളികൾക്കായി കരുതിവയ്‌ക്കുന്ന വെള്ളം ദിവസവും മാറ്റിക്കൊടുക്കുന്ന ജോലി മകൾ നിമയ്ക്കാണ്.

പശ്ചിമഘട്ടത്തിൽ നിന്നു വരുന്ന മലമ്പുള്ള് രവീന്ദ്രൻ മാഷുടെ ഫാമിലി മെമ്പറാണ്. വിളിച്ചാൽ അരികെ വരും. അതിഥികളായി എത്തിത്തുടങ്ങിയ വണ്ണാത്തിപ്പുള്ളുകളും ഇപ്പോൾ വീട്ടുകാരായി. ആനറാഞ്ചി,​ കാടുമുഴക്കി,​ ചിന്നക്കട്ടുറുവൻ,​ ചുട്ടിയാറ്റ,​ ഗരുഡൻ ചരക്കിളിയും നാട്ടുമൈന,​ പേനക്കാക്ക,​ നാകമോഹൻ... ഇങ്ങനെ നീളുന്നു മാഷുടെ പറമ്പിനെ സംഗീതസാന്ദ്രമാക്കുന്ന കിളികുലം. സാധാരണ വരുന്ന പക്ഷികളുടെ ഇരട്ടിയോളം പേരുണ്ടാകും വേനലിൽ. മഴക്കാലത്ത് എണ്ണം കുറയും. പക്ഷികളുടെ വരവു കണ്ടുകണ്ട് ഇപ്പോൾ വേറെയും അതിഥികൾ എത്തിത്തുടങ്ങി. പാമ്പ്, അണ്ണാൻ, കീരി, പ്രാപ്പിടിയൻ, ഉടുമ്പ്... ആരും പരസ്പരം ഉപദ്രവിക്കുന്നില്ല. ഭക്ഷണം കഴിച്ച്,​ വെള്ളം കുടിച്ച്,​ തണലിൽ വിശ്രമിച്ച് മടക്കം.