ചിറ്റാരിക്കാൽ: കാസർകോട് ജില്ലാ സഹകരണ റബർ മാർക്കറ്റിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാഷ്ട്രീയ വിരോധം വച്ച് നടത്തുന്ന അപവാദ പ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് സംഘം പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2014- 2019 കാലഘട്ടത്തിലെ സൊസൈറ്റി തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് പിന്തുണച്ച ആളുകൾ പരാജയപ്പെട്ടതുമുതൽ സംഘത്തിനെ തകർക്കുന്നതിനുള്ള ഗൂഡശ്രമങ്ങൾ ആരംഭിക്കുകയായിരുന്നുവെന്ന് ഇവർ ആരോപിച്ചു.
ഇതിന്റെ ഫലമായി 14.75 കോടി രൂപ നിക്ഷേപം ഉണ്ടായിരുന്നതിൽ നിന്ന് ഒമ്പത് കോടിയോളം രൂപ നിക്ഷേപകർക്ക് ഒരു വർഷം കൊണ്ട് തിരിച്ചു നൽകേണ്ടി വന്നുവത്രെ. ഇക്കാലഘട്ടത്തിൽ സംഘത്തിന്റെ മാനേജിംഗ് ഡയറക്ടറുടെയും ചില ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയും അഴിമതിയുമാണ് സ്ഥാപനം ഇന്നത്തെ അവസ്ഥയിൽ എത്തിയതിന് പ്രധാന കാരണമെന്ന് ഇവർ പറഞ്ഞു.
സംഘത്തിനെതിരായി ആരോപണം ഉന്നയിക്കുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ബന്ധുക്കൾ പോലും സംഘത്തിൽ ചിട്ടിപ്പണം നൽകുവാനുണ്ട്. ജില്ലയിലെ 10 പഞ്ചായത്തുകളിലായി 35 കോടിയോളം രൂപയുടെ ആസ്തിയും 9.44 ഏക്കർ ഭൂമിയും സംഘത്തിന് സ്വന്തമായുണ്ടെന്നും നിക്ഷേപകർക്ക് തിരികെ നൽകാനുള്ള തുക 5.1 കോടി രൂപ മാത്രമാണെന്നും ഇവർ പറയുന്നു. സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഓഡിറ്റിംഗ് നടത്തിയതും.
പുതിയ ഭരണ സമിതി ചുമതല ഏറ്റെടുത്തിട്ട് 6 മാസം തികയുന്നതിനിടയിൽ നിക്ഷേപകർക്ക് പണം തിരിച്ചുനൽകുന്നതിന് ഊർജിതശ്രമം നടത്തി വരികയാണ്. സംഘവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏത് അന്വേഷണത്തിനും ഭരണ സമിതി എതിരല്ലെന്നും സംഘം പ്രസിഡന്റ് ജിസൻ ജോർജ്, വൈസ് പ്രസിഡന്റ് മനോജ് തോമസ്, ഡയറക്ടർമാരായ സൈമൺ പള്ളത്തു കുഴി, മാത്യു പടിഞ്ഞാറേൽ, ബാബു സി.എ. ചിറയിൽ, ലില്ലി പാലത്തിങ്കൽ എന്നിവർ പറഞ്ഞു.