പിണറായി :വായനയുടെ പുതുവസന്തത്തിന് വഴി തുറന്ന് ധർമ്മടം.പുത്തൻ വായന സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലത്തിലെ 79 ലൈബ്രറികൾ ഹൈടെക്കിന്റെ പാതയിലേക്ക്. പുസ്തകങ്ങൾക്കൊപ്പം ഇ വായനയുടെ ലോകവും ധർമ്മടത്തുകാരുടെ വിരൽത്തുമ്പിലെത്തിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ എം എൽ എ ഫണ്ടിൽ നിന്നാണ് പദ്ധതിക്കാവശ്യമായ തുക അനുവദിച്ചിരിക്കുന്നത്. 75 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി.
ഓരോ ലൈബ്രറിക്കും ആവശ്യമായ ഉപകരണങ്ങൾ നൽകുന്നതാണ് ആദ്യപടി. ഇതിനായി ലൈബ്രറി അധികൃതർ തന്നെ ഓരോ ലൈബ്രറിയിലേക്കും ആവശ്യമായ ഉപകരണങ്ങളുടെ പട്ടിക തയാറാക്കിക്കഴിഞ്ഞു. ഇതനുസരിച്ചുള്ള ഉപകരണങ്ങൾ വിതരണം ചെയ്യാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ലൈബ്രറികൾ ഹൈടെക് ആക്കുന്നതിനോടൊപ്പം വിവിധ പരിപാടികളും ക്ലാസുകളും നടത്തി അവയെ സജീവമാക്കാനുള്ള പദ്ധതിയും അധികൃതർക്കുണ്ട്.
കമ്പ്യൂട്ടർ, ലാപ്‌ടോപ്, പ്രൊജക്ടർ, സ്‌ക്രീൻ, മൈക്ക് സെറ്റ് തുടങ്ങിയ ഉപകരണങ്ങളാണ് കൂടുതൽ ഗ്രന്ഥശാലകളും ആവശ്യപ്പെട്ടിരിക്കുന്നത്.
മാസംതോറും ചർച്ചകൾ, പി. എസ്. സി ക്ലാസുകൾ, ബോധവത്കരണ പരിപാടികൾ, സാഹിത്യ ചർച്ചകൾ തുടങ്ങിയവ നടത്തണമെന്ന നിർദേശവും ഗ്രന്ഥശാലകൾക്ക് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കുമാവശ്യമായ എല്ലാ ഓൺലൈൻ സേവനങ്ങളും ലഭ്യമാക്കുന്ന സേവന കേന്ദ്രമായും ലൈബ്രറികൾ പ്രവർത്തിക്കണം. മാർച്ച് മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം.

പഞ്ചായത്തുകളിൽ ഹൈടെക്

ആകുന്ന ലൈബ്രറികൾ

അഞ്ചരക്കണ്ടി 9

ചെമ്പിലോട് 11

കടമ്പൂർ 8

മുഴപ്പിലങ്ങാട് 2

പെരളശ്ശേരി 15

പിണറായി 18

വേങ്ങാട് 9

ധർമ്മടം 7