തലശ്ശേരി: 1908 ഫെബ്രുവരി 13ന് ജഗന്നാഥ പ്രതിഷ്ഠ കഴിഞ്ഞെങ്കിലും ഹരിജനങ്ങൾക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. ഇത് മൂർക്കോത്ത് കുമാരനെപ്പോലുള്ള പുരോഗമനവാദികളെ വല്ലാതെ നോവിച്ചു.ഇവരെ ക്ഷേത്രത്തിൽ കയറ്റരുതെന്നാവശ്യപ്പെട്ട് കുന്നുമ്മൽ ഉണ്ണിയുടെ നേതൃത്വത്തിൽ ഇരുനൂറ് പേർ ഒപ്പിട്ട നിവേദനം ജ്ഞാനോദയം യോഗം കമ്മിറ്റിക്ക് നൽകിയിരുന്നു. സമുദായത്തിൽ ഇത് വലിയ ഭിന്നിപ്പിന്നിടയാക്കുമെന്ന അവസ്ഥയുണ്ടായപ്പോൾ ഗുരു തന്നെ ഇടപെട്ടു.
ജ്ഞാനോദയ യോഗത്തിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന കാളാണ്ടി ഗോവിന്ദന്റെ കാലത്താണ്. സങ്കീർണ്ണമായ ഈ പ്രശ്നം ഉടലെടുത്തത്.ഗോവിന്ദൻ ഹരിജനങ്ങൾക്ക് പ്രവേശനം നൽകണമെന്ന പക്ഷക്കാരനായിരുന്നു.
ക്ഷേത്രപ്രതിഷ്ഠക്ക് ശേഷം എല്ലാ വർഷവും ഉത്സവ വേളയിൽ ഹരിജനങ്ങൾ കാണിക്കയുമായി 'അടിയറ വരവുണ്ടായിരുന്നു. ക്ഷേത്രവളപ്പിൽ കടക്കാൻ അനുവാദമില്ലാത്ത ഇവർ ക്ഷേത്ര ചിറക്ക് സമീപം തിരുമുൽക്കാഴ്ചകൾ സമർപ്പിച്ച് നമഃ ശിവായ ജപിച്ച് നിൽക്കും.ക്ഷേത്രശാന്തിമാരിലൊരാൾ വന്ന് ഇവർക്ക് ചന്ദനവും പൂക്കളും അവരുടെ മുന്നിൽ വച്ച് ദൂരെ മാറി നിൽക്കും.പ്രസാദവുമായി ഹരിജനങ്ങൾ മടങ്ങിപ്പോയാൽ അവർ കൊണ്ടുവന്ന ഉപഹാരങ്ങളെല്ലാമെടുത്ത് ക്ഷേത്രപരിപാലകർ ക്ഷേത്രത്തിൽ കൊണ്ടുവന്ന് വെക്കും.
ഇക്കാര്യം ചിലർ ഗുരുദേവനെ അറിയിച്ചു. എതിർപ്പു പ്രകടിപ്പിച്ചവരിൽ പ്രധാനിയായ രാഘവൻ റൈട്ടറോട് ഗുരുദേവൻ ചോദിച്ചു.ഹോ എന്ന് വിളിച്ച് നിങ്ങളെ സവർണ്ണരെന്ന് പറയുന്നവർ ആട്ടിയകറ്റുമ്പോൾ നിങ്ങൾക്കുണ്ടാവുന്ന ദു:ഖവും, വെറുപ്പും ഓർത്താൽ നിങ്ങൾ അധഃകൃതരെന്ന് പറഞ്ഞ് അവരെ ആട്ടിയകറ്റില്ല അവരെ അടുത്തു വരാൻ അനുവദിച്ചാൽ മാത്രമേ നിങ്ങൾക്കും ഉയർന്ന വരെ സമീപിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ ഹരിജനങ്ങളെ അടുത്തു വരാൻ അനുവദിക്കണം.'
ഒരു വർഷം കഴിഞ്ഞാൽ ആലോചിച്ച് വേണ്ടത് ചെയ്യാമെന്ന് റൈട്ടറടക്കമുള്ളവർ സമ്മതിച്ചു. തൊട്ടു പിറകെ ഓർക്കാപ്പുറത്ത് ഒരു ചെറുമഴ പെയ്തു.മഴശാന്തമായ ഉടനെ ഗുരു ചെറുചിരിയോടെ ചോദിച്ചു. എന്താ റൈട്ടറെ, വർഷം ഒന്ന് കഴിഞ്ഞില്ലേ?ഇനി അവരെ പ്രവേശിപ്പിച്ചു കൂടെ?
പഞ്ചമൻമാർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള പ്രമേയം 1925 ലാണ് കാളാണ്ടി ഗോവിന്ദന്റ അദ്ധ്യക്ഷതയിൽ ചേർന്ന ജ്ഞാനോദയ യോഗം പാസാക്കിയത്.
1922ൽ സൊസൈറ്റി ആക്ട് പ്രകാരം ശ്രീ ജ്ഞാനോദയയോഗത്തെ രജിസ്റ്റർ ചെയ്തത് കാളാണ്ടിയായിരുന്നു.സുബ്രഹ്മണ്യന് മുന്നിൽ മയിൽ വാഹന പ്രതിഷ്ഠ നടത്തിയതും ഇദ്ദേഹം പ്രസിഡന്റായിരുന്ന വേളയിലാണ്. വിപ്ളവകരമായ നിരവധി തീരുമാനങ്ങളെടുത്തത് കാളാണ്ടി പ്രസിഡന്റായിരുന്ന കാലഘട്ടത്തിലായിരുന്നു.