കാസർകോട്: എം. ഡി .എം .എ മയക്കുമരുന്നുമായി സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾ അറസ്റ്റിലായി. കാസർകോട് കുഡ്ലു ആർ ഡി നഗറിലെ ഹസീബ് നിഹാൽ (26), നെല്ലിക്കുന്നിലെ സുഹൈൽ (28) എന്നിവരെയാണ് കാസർകോട് സി .ഐ. അബ്ദുർ റഹീം, എസ് .ഐ. അബ്ദുർ റസാഖ്, വനിതാ എസ് .ഐ. അജിത എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നും മാരകമായ ഏഴ് ഗ്രാം എം. ഡി. എം .എ മയക്കുമരുന്ന് പിടികൂടി. ഒരു ഗ്രാമിന് 4,000 രൂപ വരെ ഈ മയക്കുമരുന്നിന് വിലയുണ്ട്. ഗോവ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഗ്രാമിന് 2,500 രൂപ നിരക്കിൽ വാങ്ങി 4,000 രൂപയ്ക്കാണ് കാസർകോട് അടക്കമുള്ള സ്ഥലങ്ങളിൽ വിൽപന നടത്തുന്നത്. വലിയ ചങ്ങല കണ്ണികൾ തന്നെയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നെല്ലിക്കുന്ന് ജംഗ്ഷനിൽ വാഹന പരിശോധനയ്ക്കിടെ കെ എൽ 14 പി 3481 നമ്പർ സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് ഇവർ പിടിയിലായത്. പ്രത്യേക തരം ഇലക്ട്രോണിക് ഉപകരണത്തിലിട്ടാണ് എം ഡി എം എ ഉപയോഗിക്കുന്നത്. ഇതുകൂടാതെ ടെസ്റ്റ് ട്യൂബിൽ ഗുളിക പൊടിച്ചിട്ട് നോട്ട് അതിലിട്ട് അതിന്റെ മണം ശ്വസിച്ചും മയക്കുമരുന്ന് ലഹരി ഉപയോഗിക്കുന്നതായി അഞ്ചു ഗ്രാം വരെ മയക്കുമരുന്ന് ഉപയോഗിച്ചാൽ 15 കിലോ കഞ്ചാവ് വലിക്കുന്നതിന്റെ ലഹരിയാണ് ലഭിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഒരിക്കൽ ഉപയോഗിച്ചു കഴിഞ്ഞാൽ തുടർന്നും ഉപയോഗിക്കാൻ തോന്നുകയും തുടർന്ന് ഇത് കിട്ടിയില്ലെങ്കിൽ മാനസിക രോഗത്തിന് വരെ അടിമപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ രണ്ട് യുവാക്കൾ മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വ്യാപാരത്തിലെ മറ്റു കണ്ണികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. ഏറ്റവും താഴെക്കിടയിലുള്ള കണ്ണികളാണ് ഇപ്പോൾ പൊലീസിന്റെ പിടിയിലായത്.