മാഹി:കൊറോണ വൈറസ് രോഗബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാഹിയിൽ ആളുക ൾ കൂട്ടംകൂടുന്ന പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ മാഹി ഭരണകൂടം തീരുമാനിച്ചു.
മാഹി റീജിയണൽ അഡ്മിനിസ്‌ട്രേറ്റരുടെ ചുമതല വഹിക്കുന്ന ഒ. പ്രദീപ്കുമാറിന്റെ അദ്ധ്യക്ഷതയിൽ മാഹി മേഖലയിലെ മുഴുവൻ ആരാധനാലയ കമ്മിറ്റി പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ യോഗത്തിൽ ആരാധനാലയങ്ങളിൽ ഭക്തജനങ്ങൾ കൂട്ടം കൂടുന്നതിന് നിയന്ത്രണം കൊണ്ടുവരണമെന്ന് അഭ്യർത്ഥിച്ചു. കൂടാതെ മാഹിയിലെ വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളോടും സർവ്വീസ് സംഘടനാ പ്രതിനിധികളോടും കൂട്ടം കൂടിയുള്ള പ്രവർത്തനം ഒഴിവാക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. അതോടൊപ്പം പൊതുജനങ്ങൾ, ആളുകൾ കൂട്ടം കൂടുന്ന പരിപാടികളി ൽ നിന്നും സ്വമേധയാ ഒഴിവാകണമെന്നും ,അഭ്യർത്ഥിച്ചു. മാഹി ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ:എസ് പ്രേംകുമാർ, രോഗ പ്രതിരോധ മാർഗ്ഗത്തിനുള്ള നിർദ്ദേശങ്ങൾ നൽകി. മാഹി പൊലീസ് സൂപ്രണ്ട് യു രാജശേഖരനും സംബന്ധിച്ചു.മാഹി ആരോഗ്യ വകുപ്പ് രോഗപ്രതിരോധത്തിനുള്ള മാർഗ്ഗങ്ങളടങ്ങിയ ലഘു ലേഖ വീട് വീടാന്തരം വിതരണം ചെയ്യുന്നുണ്ട്. കൂടാതെ മാഹി ആരോഗ്യ വകുപ്പ് രോഗപ്രതിരോധത്തിനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുന്ന ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്.
ഹെൽപ്പ് ലൈൻ നമ്പരുകൾ : 0490 2334042, 8592861000, 9497379127