കാസർകോട്: നഗരത്തിൽ കാർ നിർത്തിയിട്ട് പഴകടയിൽ കയറിയ വ്യാപാരിയുടെ മൂന്നു ലക്ഷം രൂപ കവർന്നു. ബുധനാഴ്ച രാത്രി 8.30 മണിയോടെ കാസർകോട് നഗരത്തിലാണ് സംഭവം. ചെർക്കള സ്വദേശി ഷരീഫിന്റെ പണമാണ് നഷ്ടപ്പെട്ടത്. ചെർക്കളയിൽ വ്യാഴാഴ്ച തുറക്കുന്ന എ ബി സി ഡി വസ്ത്രാലയത്തിന്റെ ഉദ്ഘാടന ചടങ്ങിനായി ജ്യൂസുണ്ടാക്കാനുള്ള പഴങ്ങൾ വാങ്ങാനെത്തിയതായിരുന്നു ഷരീഫ്. കാർ ബദ് രിയ ഹോട്ടലിന് സമീപം നിർത്തിയിട്ട് തൊട്ടടുത്തുള്ള പഴക്കടയിൽ പോയതായിരുന്നു. ഈ സമയം കാറിന്റെ ഗ്ലാസ് അടച്ചിരുന്നില്ല. തിരിച്ചുവന്നപ്പോഴേക്കും മുൻ വശത്തെ സീറ്റിൽ സൂക്ഷിച്ചിരുന്ന പണം കാണാനില്ലായിരുന്നു. വസ്ത്രാലയത്തിലേക്ക് വരുന്ന പാർസലിന് നൽകാനായാണ് പണം കൊണ്ടുവന്നത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി. സമീപത്തെ സി സി ടി വി പരിശോധിച്ചതിൽ നിന്നും ഒരാൾ കാറിനടുത്തെത്തി പണം എടുത്തുകൊണ്ടുപോകുന്നതായി കണ്ടെത്തി. എന്നാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.