കേളകം: കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ വീട്ടമ്മ നൽകിയ പരാതിയിൽ നടപടിയില്ല. ഇരുപത് വർഷമായി ബംഗളുരുവിൽ താമസിച്ചു വരുന്ന വീട്ടമ്മയുടേതാണ് പരാതി. കഴിഞ്ഞ മാസം18നാണ് കുടുംബം നാല് പേർ അടങ്ങുന്ന സംഘത്തിന്റെ അക്രമത്തിനിരയായത്. വീട്ടമ്മയ്‌ക്കും കുടുംബത്തിനും കേളകം അമ്പായത്തോട്ടിൽ നാലര സെന്റ് സ്ഥലവും വീടും വീടിനോട് ചേർന്ന് രണ്ട് ഷെഡും ഉണ്ട്.

ഇത് ഒഴിഞ്ഞ് കിടക്കുന്നതിനാൽ ദമ്പതികൾക്ക് ഫാമിംഗിനായി നൽകുകയുണ്ടായി.ഇവരുടെ മകനും സുഹൃത്തുക്കളും ചേർന്നാണ് ഫാം നടത്തിക്കൊണ്ടിരുന്നത്. ഇവരെ കുറിച്ച് പരാതി ഉയർന്നതോടെ അവരോട് ഒഴിഞ്ഞുപോകാൻ കുടുംബം ആവശ്യപ്പെടുകയായിരുന്നു. 2019 ജനുവരി 15 ന് ഒഴിയാമെന്ന് സമ്മതിച്ചിരുന്നെങ്കിലും ദിവസമെത്തിയപ്പോഴേക്കും മാറിയില്ല. വീട്ടമ്മ പൊലീസിൽ പരാതിപ്പെടുമെന്ന് അറിയിച്ചപ്പോൾ ആക്രമിക്കുകയും കെട്ടിയിടുകയും ചെയ്തുവെന്നാണ് വീട്ടമ്മ പരാതിയിൽ പറയുന്നത്.

മാർച്ച് അഞ്ചിന് മുഖ്യമന്ത്രിയുടെ മറുപടി വന്നു എന്നല്ലാതെ പൊലീസ് കേസ് പോലും രജിസ്റ്റർ ചെയ്തിരുന്നില്ല.കേളകം പൊലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെട്ടപ്പോൾ ആശുപത്രിയിൽ പോയി മെഡിക്കൽ എടുത്ത് വരാൻ പറഞ്ഞ് വിടുകയായിരുന്നെന്നും കുടുംബം ആരോപിക്കുന്നു.ഡിവൈ.എസ്.പിയെ കണ്ട് പരാതിപ്പെട്ടപ്പോഴാണ് കേളകം പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ പോലും തയാറായതെന്നും കുടുംബം ആരോപിക്കുന്നു.