പട്ടുവം: വലിയ പ്രതീക്ഷയിലായിരുന്നു പട്ടുവം ഗ്രാമം. യാത്രാസൗകര്യത്തിൽ കുതിച്ചുചാട്ടമുണ്ടാക്കാൻ പോകുന്ന ഒന്നാന്തരം റോഡ് കിഫ്ബി അനുവദിച്ചു. പട്ടുവത്ത് നിന്ന് തളിപ്പറമ്പ് വരെ നീളുന്ന മെക്കാഡം ടാറിംഗിന് പക്ഷെ പ്രവൃത്തിയുടെ തുടക്കം തൊട്ട് തടസം. സ്ഥലം വിട്ടുകൊടുക്കാത്തതുമൂലമുള്ള പ്രശ്നങ്ങൾ ഒരുവിധത്തിൽ പരിഹരിച്ച് മുന്നോട്ടുപോയതായിരുന്നു.അപ്പോഴാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ആര് മാറ്റുമെന്ന കാര്യത്തെക്കുറിച്ച് പുതിയ തർക്കം. തർക്കം തീർന്ന് എന്ന് നിർമ്മാണം പൂർത്തിയാക്കുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
കുഞ്ഞിമുറ്റം കവലയ്ക്കും മുറിയാത്തോട് മാധവ് നഗറിനും മദ്ധ്യേ ലൂർദ്ദ് നഴ്‌സിംഗ് കോളേജ് ഗേറ്റിന് മുന്നിൽ വാട്ടർ അതോറിറ്റിയും പി.ഡബ്ളു.ഡിയും തമ്മിലുള്ള തർക്കമാണ് ഏറ്റവുമൊടുവിലത്തെ തടസം. ഇവിടെ 40 മീറ്റർ ഇവിടെ വീതി കൂട്ടാൻ മണ്ണ് മാറ്റിയതോടെ വാട്ടർ അതോറിറ്റിയുടെ വലിയ പൈപ്പ് പുറത്തെത്തി. ചോർച്ചയുണ്ടായതിനെ തുടർന്ന് വൻതോതിൽ വെള്ളം ഈ ഭാഗത്ത് തളംകെട്ടി .നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ ചോർച്ച അടച്ചെങ്കിലും പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിന്റെ ചിലവ് സംബന്ധിച്ച് തർക്കിച്ചുനിൽക്കുകയാണ് ജല അതോറിറ്റി.
പൈപ്പ് മാറ്റാനുള്ള തുക പി.ഡബ്ളു.ഡി. നൽകണമെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ ആവശ്യം. എന്നാൽ വാട്ടർ അതോറിറ്റിയുടെ ഉത്തരവാദിത്തം മാത്രമാണിതെന്നാണ് പി.ഡബ്ളു.ഡിയുടെ വാദം. തങ്ങളുടെ അധീനതയിലുള്ള സ്ഥലത്ത് സ്ഥാപിച്ച പൈപ്പ് ലൈൻ ആവശ്യപ്പെടുന്ന സമയത്ത് മാറ്റാമെന്ന് വാട്ടർ അതോറിറ്റി ഉറപ്പ് നൽകിയതാണെന്ന് പി.ഡബ്ളു.ഡി ഉദ്യോഗസ്ഥർ വാദിക്കുന്നു.
കിഫ്ബിയിൽ കണ്ണുവച്ച്
പൈപ്പ് മാറ്റണമെങ്കിൽ പി.ഡബ്ളു.ഡി ചിലവ് കാശ് നൽകണമെന്ന് വാട്ടർ അതോറിറ്റിയും തങ്ങളുടെ അധീനതയിലുള്ള സ്ഥലത്ത് തങ്ങൾ ആവശ്യപ്പെടുന്ന ഘട്ടത്തിൽ സ്വന്തം ചിലവിൽ പൈപ്പ് മാറ്റാമെന്ന വ്യവസ്ഥയിലാണ് വാട്ടർ അതോറിറ്റിയ്ക്ക് പൈപ്പിടാൻ അനുമതി നൽകിയതെന്ന് പി.ഡബ്ളു.ഡിയും ഉറച്ച നിലപാടെടുക്കുമ്പോൾ പൈപ്പ് മാറ്റാൻ കിഫ്ബി ചെറിയൊരു തുക നീക്കിവച്ചതിലാണ് ഇനിയുള്ള പ്രതീക്ഷ. പക്ഷെ ഇത് എന്നുണ്ടാകും എന്ന കാര്യത്തിൽ തീർച്ചയില്ലാത്തതിലാണ് നാട്ടുകാരുടെ പ്രതിഷേധം. ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും കിഫ്ബിയിൽ നിന്ന് ലഭിച്ചിട്ടുമില്ല.
കിഫ്ബി വക 22 കോടി
നീളം - 9 കി.മി.
ബൈറ്റ്
പി.ഡബ്ളു.ഡിയുടെ അധീനതയിലുള്ള സ്ഥലത്ത് സ്ഥാപിച്ച പൈപ്പ് ലൈൻ ആവശ്യപ്പെടുന്ന സമയത്ത് സ്വന്തം ചിലവിൽ മാറ്റാമെന്ന് വാട്ടർ അതോറിറ്റി ഉറപ്പ് നൽകിയിരുന്നു.പി.കെ.ദിവാകരൻ, റിട്ട.പി.ഡ്ബ്ളു.ഡി, എക്സിക്യൂട്ടീവ് എൻജിനീയർ
ബൈറ്റ്
ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന കാലത്തെ നിയമമാണ് പി.ഡബ്ളു.ഡി.പറയുന്നത്. ടഞ്ച് എടുത്ത് നൽകിയാൽ പൈപ്പുകൾ മാറ്റിയിടാം. റോഡ് നിർമ്മാണചുമതല കിഫ്ബിക്കാണ്. പൈപ്പ് ലൈൻ മാറ്റേണ്ട ചുമതലയും അവർക്ക് തന്നെയാണ്
അസി.എക്സിക്യൂീട്ടീവ് എൻജിനീയർ,വാട്ടർ അതോറിറ്റി