കാഞ്ഞങ്ങാട്: കൊറോണ ഭീതി പടർന്നതോടെ നഗരങ്ങളിൽ നിന്നും ജനങ്ങളൊഴിയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹർത്താലിന്റെ പ്രതീതിയാണ് നഗരത്തിൽ.
ഒന്നിനുപിറകെ ഒന്നായി വരുന്ന ദുരന്തങ്ങൾ ജനങ്ങളെ ആശങ്കാകുലരാക്കുന്നു. നോട്ട് നിരോധനവും അതിനു പിറകെ വന്ന ജി.എസ്.ടിയും വ്യാപാരമേഖലയുടെ നട്ടെല്ലൊടിച്ചിരുന്നു. അതിൽ നിന്നും കരകയറാനുള്ള ശ്രമത്തിനിടയിലാണ് മഹാമാരികളുടെ വരവ്.
ട്രെയിനുകളിലും ബസ്സുകളിലും യാത്രക്കാർ നന്നേ കുറവാണ്. വ്യാപാര സ്ഥാപനങ്ങൾ സന്ധ്യയാകുമ്പോഴേ അടക്കുന്നു. പൊതുയോഗങ്ങളും മറ്റും 31 വരെ നിർത്തിവച്ചതിനാൽ മൈക്ക് സെറ്റുകാർക്കും പണിയില്ലാതായി. വിവാഹം ഉൾപ്പെടെ ഓഡിറ്റോറിയങ്ങളിൽ നിന്ന് മാറി ലളിതമായി നടത്തുന്നു. 31 വരെയുള്ള ഉത്സവങ്ങളാകട്ടെ പേരിനു മാത്രമായി നടത്തുകയാണ്.
ആയിരക്കണക്കിനാളുകൾ കൂടുന്ന വയനാട്ടുകുലവൻ തെയ്യംകെട്ടുപോലും പരിമിതപ്പെടുത്തേണ്ട സ്ഥിതിയാണ്. പത്തും ഇരുപതും വർഷം കൂടുമ്പോഴുണ്ടാകുന്ന വയനാട്ടുകുലവൻ തെയ്യംകെട്ടുപോലും ആഘോഷമാക്കാൻ കഴിയാത്ത അവസ്ഥ പല മേഖലകളിലുള്ളവരെയും പ്രതികൂലമായി ബാധിക്കും.