പയ്യന്നൂർ: ഒന്നിടവിട്ട ദിവസങ്ങളിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികളുടെ മരണം പയ്യന്നൂരിനെ കണ്ണീരിലാഴ്ത്തി. കണ്ടോത്ത് കിസാൻകൊവ്വൽ എം.വി.റോഡിന് സമീപത്തെ കെ.വി.ജിജിൻ (19) ,

കുന്നരു കാരന്താട്ടെ ടി.ശ്രീഹരി (20) എന്നിവരാണ് സമാനമായ ബൈക്ക് അപകടങ്ങളിൽ മരണപ്പെട്ടത്.

കണ്ടോത്ത് കിസാൻ ഗ്രൗണ്ടിന് സമീപത്തെ കേളോത്ത് പറമ്പിൽ ശ്രീജയുടേയും തളിപ്പറമ്പ് തലോറയിലെ ജ്യോൽസ്യർ കെ.വി.പ്രഭാകരന്റെയും ഏകമകനാണ് ബംഗളുരു സിന്ധി കോളേജിൽ ബി.ബി.എ.

ഏവിയേഷൻ വിദ്യാർത്ഥി ജിജിൻ. കർണ്ണാടക കുശാൽനഗറിൽ ചൊവ്വാഴ്ച ഉച്ചയ്‌ക്കുണ്ടായ അപകടത്തിലാണ് ജിജിൻ മരിച്ചത്. സഹപാഠികളോടൊപ്പം ബൈക്കിൽ പോകുമ്പോൾ ലോറി ഇടിച്ചാണ് അപകടം. റോഡിൽ തെറിച്ചുവീണ ജിജിൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നാട്ടിലെത്തിച്ച മൃതദേഹം ബുധനാഴ്ചയാണ് സംസ്കരിച്ചത്.

കുന്നരു വടക്കൻമാർ വീട്ടിൽ ജനാർദ്ദനന്റെയും അദ്ധ്യാപികയായ ഷൈലജയുടെയും മകൻ ടി.ശ്രീഹരിയാണ് ( 20 ) ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. മാടായി കോ-ഓപ്പ്: ആർട്സ് ആൻഡ് സയൻസ് കോളേജ് ബി.എ. ഇംഗ്ലീഷ് അവസാന വർഷ വിദ്യാർത്ഥിയായ ശ്രീഹരിയും സഹപാഠികളായ മറ്റ് മൂന്ന് പേരും രണ്ട് ബൈക്കുകളിലായി പുതിയങ്ങാടി ചൂടാട്ട് ബീച്ച് സന്ദർശിച്ച് തിരിച്ച് വരുമ്പോൾ പുതിയങ്ങാടി ജുമാ മസ്ജിദിന് സമീപം ഹമ്പിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം. ഉടൻ പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഷിത ഏക സഹോദരിയാണ്. വ്യാഴാഴ്ച ഉച്ചയോടെ വീട്ടിൽ എത്തിച്ച ശ്രീഹരിയുടെ മൃതദേഹം കാരന്താട് സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.

ഭാവി വാഗ്ദാനങ്ങളായ രണ്ട് യുവാക്കളുടെ ആകസ്മികമായ വേർപാട് താങ്ങാനാകാത്ത ദു:ഖത്തിലാണ് പയ്യന്നൂരിലെയും രാമന്തളിയിലെയും ഇനങ്ങൾ.