കൂത്തുപറമ്പ്: ചികിത്സക്കായി മുത്തങ്ങയിലേക്ക് കൊണ്ടു പോകും വഴി ചരിഞ്ഞ കുട്ടിക്കൊമ്പന്റെ പാലത്തുവയൽ ഗവ.യു.പരി സ്കൂളിന് സമീപം സംസ്കരിക്കാനുള്ള വനംവകുപ്പുദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാർ തടഞ്ഞു. ഇതെ തുടർന്ന്

ജഡം കണ്ണവം ഫോറസ്റ്റിലെ പാലത്തു വയലിൽ ചിതയൊരുക്കി സംസ്കരിക്കുകയായിരുന്നു.

ചന്ദനക്കാംപാറക്കടുത്ത നറുക്കും ചീത്തയിൽ കാലിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കുട്ടിക്കൊമ്പൻ രക്ഷപ്പെടുത്തി മുത്തങ്ങയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇരിട്ടിക്കടുത്ത് വച്ച് ചരിഞ്ഞത്.. ആനയുടെ ജീവൻ നിലനിർത്താൻ രണ്ടു ദിവസങ്ങളായി അധികൃതർ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഫോറസ്റ്റ് അധികൃതർ ഉന്നത തലത്തിൽ നടത്തിയ കൂടിയാലോചനയിൽ കണ്ണവം ഫോറസ്റ്റിലെ പാലത്തുവയൽ ഭാഗത്ത് ജഢം മറവുചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വെറ്റിനറി സർജൻമാരായ ഡോ: ജോൺസൺ, ഡോ: രാജൻ എന്നിവർ ച്ചേർന്നാണ് ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചത്. ജില്ലാ ഫോറസ്റ്റ് ഓഫീസർ കുറശ്രീനിവാസ് ,കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വിനു, കണ്ണവം റെയ്ഞ്ച് ഓഫീസർ ഡി.ഹരിലാൽ, തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർ കെ.വി.ജയപ്രകാശ് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.

പാലത്തുവയൽ സ്കൂൾ പരിസരത്ത് ജെ.സി.ബി.ഉപയോഗിച്ച് കുഴിയെടുത്ത ശേഷം മണ്ണിട്ട് മൂടാൻ തുടങ്ങിയതോടെ ഒരു വിഭാഗം നാട്ടുകാർ സംഘടിച്ചെത്തി തടയുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി നാട്ടുകാർ നടത്തിയ ചർച്ചയിൽ ആനയുടെ ജഡം വിറക് ഉപയോഗിച്ച് സംസ്ക്കരിക്കുമെന്ന ഉറപ്പിന്മേലാണ് നാട്ടുകാർ പിരിഞ്ഞ് പോയത്.തുടർന്നാണ് വിറക് ഉപയോഗിച്ച് ജഡം സംസ്ക്കരിക്കുകയായിരുന്നു.കൂട്ടം തെറ്റിയെത്തിയ കൊമ്പൻ കുഴിയിൽ വീണ് പരുക്കേറ്റതാവാമെന്നാണ് കരുതുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമെെ മരണകാരണം വ്യക്തമാവുകയുള്ളു.