ഒളവറ: ഒളവറയിലെയും പരിസരങ്ങളിലെയും ജനങ്ങളുടെ സൗകര്യം ലക്ഷ്യമിട്ട് നിർമ്മിച്ച മിനി മത്സ്യ മാർക്കറ്റ് സാമൂഹ്യ വിരുദ്ധർ താവളമാക്കുന്നു. ഒന്നര ദശാബ്ദത്തിന് മുമ്പ് ഒളവറ റെയിൽവേ പാലത്തിന് സമീപം പുഴയോരത്തായി പണിത മാർക്കറ്റാണ് ഉദ്ദേശിച്ച ഫലം കാണാതെ ദുരുപയോഗം ചെയ്യപ്പെടുന്നത്.

ഒളവറ കൂടാതെ ഉടുമ്പുന്തല, മാടക്കാൽ, കുറ്റിച്ചി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകാനുള്ള ലക്ഷ്യത്തോടെയാണ് മാർക്കറ്റ് പണിതത്. നിലവിൽ നല്ല റോഡു സൗകര്യമുണ്ടായിട്ടും കാടുകയറി സാമൂഹ്യ വിരുദ്ധർക്ക് താവളമായി മാറിയ സ്ഥിതി സംജാതമായിട്ടുണ്ട്. മാർക്കറ്റ് സജീവമാക്കാനോ, അല്ലാത്തപക്ഷം അത് പൊളിച്ചുമാറ്റാനോ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സന്ധ്യ മയങ്ങിയാൽ മദ്യപകേന്ദ്രം

പ്രധാന റോഡിൽ നിന്നുമാറി ആൾ സഞ്ചാരമില്ലാത്ത സ്ഥലത്താണ് ഈ മാർക്കറ്റ് ഉള്ളതെന്നതിനാൽ സന്ധ്യ മയങ്ങിയാൽ ഇവിടെ മദ്യപ കേന്ദ്രമായി മാറുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. അതിന്റെ സൂചനകളായി ഒഴിഞ്ഞ മദ്യ കുപ്പികളും പാർസൽ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും പരിസരത്ത് ചിതറിക്കിടക്കുകയാണ്. നേരത്തെ മയക്കുമരുന്ന്, അനധികൃത പൂഴികടത്ത് എന്നിവയ്ക്കും ഈ മാർക്കറ്റ് സാക്ഷിയായിട്ടുണ്ട്.

ഈ മാർക്കറ്റ് വർഷം തോറും ലേലം ചെയ്യാറുണ്ട്. എന്നാൽ നാമമാത്രമായ തുകയെ ലഭിക്കാറുള്ളൂ. വേണ്ട നടപടികൾ സ്വകരിക്കും.

വി.കെ.ബാവ,

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്