നീലേശ്വരം: കൊറോണ വൈറസ് ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി തൂവാലയാണ് മാലാഖ എന്ന സന്ദേശമുമായി പൊതു സ്ഥാപനങ്ങളിൽ തുവാല ലഭ്യമാക്കുന്ന പരിപാടിക്ക് നഗരസഭയിൽ തുടക്കം കുറിച്ചു.

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് നഗരസഭ വിളിച്ചുചേർത്ത ഉന്നതതല അവലോകന യോഗത്തിൽ തുവാലയുടെ വിതരണം നഗരസഭ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ താലുക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജമാൽ അഹമ്മദിന് നൽകി നിർവ്വഹിച്ചു. നഗരസഭയിൽ നടത്തിവരുന്ന പ്രവർത്തനങ്ങളെ കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.സുബൈർ വിശദീകരിച്ചു.

വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ വി. ഗൗരി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.കെ. കുഞ്ഞികൃഷ്ണൻ, പി.രാധ, പി പി. മുഹമ്മദ് റാഫി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി-വ്യവസായി സമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പുതുതായി വാങ്ങിയ സ്പീഡ് ജറ്റ് ഉൾപ്പെടെയുള്ള ശുചീകരണ സാമഗ്രികളടെ കൈമാറ്റവും നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. കുഞ്ഞിക്കണ്ണൻ സ്വാഗതവും നഗരസഭ സെക്രട്ടറി സി.കെ.ശിവജി നന്ദിയും പറഞ്ഞു.