കണ്ണൂർ: വരുംദിനങ്ങളിൽ കോവിഡ് 19 ബാധിത പ്രദേശങ്ങളിൽ നിന്ന് കൂടുതൽ പേർ നാട്ടിൽ തിരിച്ചെത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കണ്ണൂ
ജില്ലയിൽ മുൻകരുതൽ ശക്തമാക്കാൻ ജില്ലാ കളക്ടർ ടി .വി. സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ജില്ലയിലെ സംവിധാനങ്ങൾ സജ്ജമാകണമെന്ന് യോഗം നിർദ്ദേശിച്ചു. സർക്കാർ ആശുപത്രികൾക്കു പുറമെ ഏതാനും സ്വകാര്യ ആശുപത്രികളിലും പരിശോധനയ്ക്കും നിരീക്ഷണത്തിനുമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.കെ. ഷാജ് യോഗത്തെ അറിയിച്ചു. നിലവിൽ ആലപ്പുഴയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് സാമ്പിളുകൾ പരിശോധിക്കുന്നത്. എന്നാൽ ഇന്ന് മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധനാ സംവിധാനം ആരംഭിക്കും. പരിശോധനാ ഫലം വേഗത്തിൽ ലഭിക്കാൻ ഇതുപകരിക്കും.
ആരോഗ്യപ്രവർത്തകരെ സജ്ജരാക്കും
കൂടുതൽ പേർക്ക് പരിശീലനം നൽകും
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധന കൂടുതൽ ശക്തിപ്പെടുത്താനും ഇതിനായി കൂടുതൽ ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കാനും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി കൂടുതൽ പേർക്ക് പരിശീലനം നൽകും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആശങ്കകൾ അകറ്റുന്നതിന് പ്രത്യേക കൗൺസലർമാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്.
അതേസമയം സർക്കാരിന്റെ കർശന നിർദ്ദേശമുണ്ടായിട്ടും ആളുകൾ കൂട്ടമായെത്തുന്ന പരിപാടികൾ മാറ്റിവയ്ക്കാൻ തയ്യാറാവാത്ത സംഭവങ്ങൾ ചിലയിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളതായി യോഗം വിലയിരുത്തി. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളും പോലീസ് ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ ശക്തമായി ഇടപെടണം. മാസ്‌ക്, സാനിറ്റൈസർ പോലുള്ളവയ്ക്ക് അമിത വില ഈടാക്കുന്നവരെയും പൂഴ്ത്തിവെക്കുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കാനും യോഗം നിർദ്ദേശിച്ചു. അതേസമയം, ആളുകൾ അനാവശ്യമായി ഇവ വാങ്ങിവയ്ക്കുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങളുള്ളവരും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാൽ മതിയാകും.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സമേഷ്, അസിസ്റ്റന്റ് കളക്ടർ ഹാരിസ് റഷീദ്, ജില്ലാ സർവെയ്‌ലൻസ് ഓഫീസർ കൂടിയായ ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ എം ഷാജ്, അതോറിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
കൊറോണ ബാധിത മേഖലയിൽ നിന്നും എത്തുന്നവർ
രണ്ടാഴ്ചക്കാലം വീടുകളിൽ കഴിയണം
കോവിഡ് 19 റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമെത്തുന്ന എല്ലാവരും അവർ രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിൽപ്പോലും 14 ദിവസം നിർബന്ധമായും വീട്ടിനുള്ളിൽത്തന്നെ കഴിയണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.അതാത് പ്രദേശത്തെ സർക്കാർ ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരെയോ ജില്ലാ മെഡിക്കൽ ഓഫീസിലെ (ആരോഗ്യം) കൺട്രോൾ സെല്ലിനെയോ നിർബന്ധമായും ഫോൺ മുഖേന അറിയിക്കണമെന്നും ജില്ലാകളക്ടർ ആവശ്യപ്പെട്ടു.
193 പേർ ഐസൊലേഷനിൽ
6 പേർ കണ്ണൂർ മെഡിക്കൽ കോളേജിൽ
5 പേർ ജില്ലാ ആശുപത്രിയിൽ
50 സാമ്പിളുകൾ അയച്ചു
24 എണ്ണം നെഗറ്റീവ്
26 ഫലം ലഭിക്കേണ്ടത്
16 വിമാനങ്ങൾ പരിശോധിച്ചു
1176 പേരെ പരിശോധനയ്ക്ക് വിധേയരാക്കി