മണ്ണുമായെത്തിയ ടിപ്പർലോറി നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പൊലീസ് പിടികൂടി

ന്യൂമാഹി:കഴിഞ്ഞ മഴക്കാലത്ത് പന്ത്രണ്ടോളം വീടുകൾ മുങ്ങിയ മാങ്ങാട്ട് പ്രദേശത്തെ വയലുകൾ മണ്ണിട്ടുനികത്താനുള്ള നീക്കത്തിൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പൊലീസ് ഇടപെട്ടു.ഏക്കർകണക്കിന് വയൽ മാസങ്ങളായി ടിപ്പർലോറികളിൽ മണ്ണെത്തിച്ച് നികത്തിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

പെരിങ്ങാടി മങ്ങാട് മണ്ടബസാറിന് സമീപം മങ്ങാട്ട് വയൽ നികത്തുന്നതിന് മണ്ണുമായി എത്തിയ ടിപ്പർ ലോറി ഇന്നലെയാണ് ന്യൂമാഹി പോലീസ് പിടികൂടിയത് ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. വയൽ നികത്തുന്നതിനെതിരെ നേരത്തെ ന്യൂമാഹി പഞ്ചായത്ത്, വില്ലേജ്, പോലീസ് അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.

നികത്തൽ ബൈപാസിന്റെ പേരിൽ
തലശ്ശേരി -മാഹി ബൈപാസ് പ്രവൃത്തിയ്ക്കായി മണ്ണെടുക്കാൻ ലഭിച്ച അനുമതി ഉപയോഗിച്ച് സ്വകാര്യവ്യക്തികൾക്ക് മണ്ണെത്തിച്ചുകൊടുക്കുന്ന മാഫിയയാണ് മങ്ങാട് വയലിനെ ഇല്ലാതാക്കാൻ കൂട്ടുനിന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിരവധി സ്ഥലമുടമകൾക്ക് ഒരു കരാറുകാ‌രൻ മണ്ണെത്തിച്ചുകൊടുത്തിട്ടുണ്ടെന്നും ഇവർ പറയുന്നു.
ഇന്നലെയും പ്രവൃത്തി തുടർന്നപ്പോഴാണ് പരിസരവാസികൾ ന്യൂമാഹി എസ്.എച്ച്.ഒ. ജെ.എസ്.രതീഷിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് സംഘമെത്തി ടിപ്പർ ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും കേസ് ജിയോളജി വകുപ്പിന് കൈമാറിയതായും ന്യൂമാഹി പോലീസ് അറിയിച്ചു.

സ്ഥലമുടമകൾക്ക് നോട്ടീസ്
മണ്ണിട്ട് നികത്തുന്ന വിവരമറിഞ്ഞ് ന്യൂമാഹി വില്ലേജ് ഓഫീസർ ഇ.ആർ.ജയന്തി മണ്ണിട്ട് നികത്തിയ വയൽപ്രദേശം സന്ദർശിച്ച് പരിശോധന നടത്തി. മണ്ണിടുന്നത് തടഞ്ഞും നികത്തിയ വയലിലെ മണ്ണ് രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടും വില്ലേജ് ഓഫീസർ സ്ഥലമുടകൾക്ക് നോട്ടീസ് നൽകി. കൃഷിഭൂമി മണ്ണിട്ട് നികത്തുന്നത് അന്വേഷിച്ച് ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് കൃഷി വകുപ്പ് അധികൃതരോട് പരിസരവാസികൾ ആവശ്യപ്പെട്ടു. തോട് സംരക്ഷണത്തിനായി ലക്ഷക്കണക്കിന് രൂപയാണ് ഇവിടെ വിവിധ പദ്ധതികളിലായി തദ്ദേശ സ്വയംഭരണ വകപ്പുകൾ കൃഷി വകുപ്പുകൾ വിവിധ കാലങ്ങളിലായി നടപ്പാക്കിയത്.

ബൈറ്റ്

ഏക്കർ കണക്കിന് വയൽപ്രദേശത്ത് മണ്ണിട്ട് നികത്തിയത് മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ടിനും മറ്റും കാരണമായേക്കാം. ഇത് സംബന്ധിച്ച് സബ് കളക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകും- ഇ.ആർ.ജയന്തി ,​ന്യൂമാഹി വില്ലേജ് ഓഫീസർ

ചിത്രവിവരണം:മണ്ണിട്ട് നികത്തുന്ന മാങ്ങോട്ടുവയൽ.പള്ളൂരിനെയും മയ്യഴിപ്പുഴയെയും ബന്ധിപ്പിക്കുന്ന മങ്ങാട്ട് വയൽ തോട് മണ്ണ് മാഫിയാ മണ്ണിട്ട് മൂടിയ നിലയിൽ