തലശ്ശേരി:ഭർതൃമതിയായ മുപ്പതുകാരിയെ ബോധം കെടുത്തി തോട്ടിലേക്ക് തള്ളിയിട്ട് പീഡിപ്പിച്ച ശേഷം വെള്ളത്തിൽ മുക്കിക്കൊന്ന് ആഭരണങ്ങൾ കവർന്ന കേസിൽ തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും.പെരിങ്ങത്തൂർ കരിയാട് സേട്ടു മുക്കിലെ ചാക്കേരി താഴെ കുനിയിൽ സി.കെ.റീജയെ കൊലപ്പെടുത്തിയ കേസിൽ പെരിങ്ങത്തൂർ പുളിയനമ്പ്രത്തെ വലിയ കാട്ടിൽ കെ.പി.അൻസാറാണ് പ്രതി. തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ.വിനോദാണ് കേസ് പരിഗണിച്ചത്.

2017 ആഗസ്റ്റ് 14 ന് ഉച്ച 12.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ നിന്നും പുതിയ റോഡ് ഭാഗത്തേക്ക് മത്സ്യം വാങ്ങാൻ പോവുകയായിരുന്ന റീജയെ വഴിയരികിൽ ഒളിച്ചു നിന്ന പ്രതി അക്രമിക്കുകയായിരുന്നു. ചെറുത്തുനിൽപ്പിനിടയിൽ അബോധാവസ്ഥയിലായ റീജ സിമന്റ് സ്ലാബിൽ നിന്നും താഴെ തോട്ടിലേക്ക് വീഴുകയായിരുന്നു. പിറകെ എത്തിയ പ്രതി വെള്ളത്തിൽ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തിലും കൈവിരലിലുമുണ്ടായിരുന്ന ആഭരണങ്ങൾ ബലമായി അഴിച്ചെടുക്കുകയും വെള്ളത്തിൽ മുക്കിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നുമാണ് കേസ്.

പിറ്റേദിവസം തന്നെ ഈയാളെ പൊലീസ് പിടികൂടിയിരുന്നു. ഈയാൾ ഇപ്പോഴും ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.ചൊക്ലി പോലീസാണ് കേസെടുത്ത് കുറ്റപത്രം നൽകിയിരുന്നത്.അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ.രാമചന്ദ്രനാണ് പ്രോസിക്യൂഷന് വേണ്ടി വാദിച്ചത്.