കാഞ്ഞങ്ങാട്: ഉത്പാദന മേഖലയ്ക്കും ആരോഗ്യമേഖലയ്ക്കും പ്രാധാന്യം നൽകുന്ന അജാനൂർ ഗ്രാമപഞ്ചായത്തിന്റെ 2020-21 ലെ ബജറ്റ് അവതരിപ്പിച്ചു. അജാനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയുമായി സംയോജിപ്പിച്ച് ഒന്നരക്കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തും. കൊളവയലിൽ പുതിയ ബഡ്സ് സ്കൂൾ തുടങ്ങും. വിശപ്പ് രഹിത കേരളം പദ്ധതിയിൽ 5 ഭക്ഷണശാലകളും വനിതകളുടെ ഗ്രൂപ്പുകൾ മുഖാന്തിരം വിവിധ തൊഴിൽ പദ്ധതികളും ആരംഭിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ തോടുകളിലെ തടസ്സങ്ങൾ നീക്കി ആഴം കൂട്ടി ജല പുനരുജ്ജീവനം നടത്തുന്നതിന് പദ്ധതി തയ്യാറാക്കും.

26.11 കോടി രൂപ വരവും 25.27 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് പി. ദാമോദരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് അനിത ഗംഗാധരൻ ബഡ്‌ജറ്റ് അവതരിപ്പിച്ചു. എം.വി. രാഘവൻ, ബഷീർ വെള്ളിക്കോത്ത്, സതി, പത്മനാഭൻ, പി.പി. നസീമ, പാർവ്വതി, ഹമീദ് ചേരക്കാടത്ത്, ശകുന്തള എന്നിവർ സംസാരിച്ചു.