മട്ടന്നൂർ: നഗരസഭയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ അജൈവമാലിന്യസംഭരണകേന്ദ്രങ്ങൾ തുടങ്ങുന്നു. നഗരസഭാ പരിധിയിലെ രണ്ട് ഗവ. സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. സ്കൂളുകളിൽ മിനി എം.സി.എഫ്. സ്ഥാപിക്കുന്നതിന് കണ്ണൂർ താണയിലെ സ്ഥാപനത്തെ ചുമതലപ്പെടുത്താൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.
വിദ്യാർഥികളിൽ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്കാരം രൂപപ്പെടുത്തുന്നതിനും മാലിന്യം തരംതിരിച്ച് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുമുള്ള കളക്ടേഴ്‌സ് അറ്റ് സ്കൂൾ പദ്ധതിപ്രകാരമാണ് ഇത് നടപ്പാക്കുന്നത്. പദ്ധതിക്കായി സോഷ്യോ ഇക്കണോമിക് ഫൗണ്ടേഷനെ സംസ്ഥാന സർക്കാർ തിരഞ്ഞെടുത്തിട്ടുണ്ട്.
നാല് ബിന്നുകൾ അടങ്ങിയ ഒരു യൂണിറ്റിന് 21,200 രൂപ വീതം വിനിയോഗിക്കാൻ ജില്ലാ ശുചിത്വമിഷൻ അനുമതി നൽകിയിട്ടുണ്ട്. നഗരസഭാപരിധിയിലെ 21 സ്കൂളുകളിലും പദ്ധതി നടപ്പാക്കണമെന്ന് കൗൺസിലർമാർ യോഗത്തിൽ ആവശ്യപ്പെട്ടു. അതേസമയം മറ്റ് സ്കൂളുകളിൽ പദ്ധതിച്ചെലവ് സ്കൂളുകൾ വഹിക്കണമെന്നാണ് വ്യവസ്ഥയെന്ന് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.