കാസർകോട്

200 നിരീക്ഷണത്തിൽ

5 പേർ ജില്ലാ ആശുപത്രി,കാസർകോട് ജനറൽ ആശുപത്രി

198 പേർ വീടുകളിൽ

കാസർകോട്: ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കൊറോണ പ്രതിരോധ സഹായത്തിനായി ഹെൽപ് ഡെസ്‌ക് ആരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.എ.വി. രാംദാസ് പറഞ്ഞു. ഇത് ജില്ലയിൽ കൊറോണ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് സഹായകമാവും. വാർഡുകൾ തോറും ആരോഗ്യ ജാഗ്രതാ സമിതികൾ വിപുലപ്പെടുത്തും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ സൈബർ ടീമിനെ ഉൾപ്പെടുത്തി മീഡിയ സർവെലൻസ് വിപുലപെടുത്താനും ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ ചേർന്ന കൊറോണ പ്രതിരോധത്തിനായുള്ള പതിനഞ്ച് കമ്മിറ്റികളുടെ ഏകോപന യോഗം തീരുമാനിച്ചു.

സ്വകാര്യ ആശുപത്രി ഡോക്ടർമാർക്കും ആശുപത്രികളിൽ ആവശ്യമായ മുൻകരുതലിന് നിർദ്ദേശം നൽകി. സർക്കാർ ഡോക്ടർമാരും സ്വകാര്യ ശുപത്രി ഡോക്ടർമാരും തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. എ.വി രാംദാസിന്റേയും കാസർകോട് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജറാമിന്റേയും നേതൃത്വത്തിൽ നടപടി സ്വീകരിക്കും. വിവിധ ആശുപത്രികളിലെ നഴ്സുമാർ ആരോഗ്യ പ്രവർത്തകർ ഫാർമസിസ്റ്റുകൾ കൂടാതെ പാരാലീഗൽ വളണ്ടിയർമാർ ടൂറിസ്റ്റ്ടാക്സി ഡ്രൈവർമാർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഡി എം ഒ ഓഫീസിൽ ബോധവൽക്കരണം നൽകി. ബോധവൽക്കരണ പരിപാടികൾ തുടരും. വിദേശങ്ങളിൽ നിന്നു വരുന്നവർ ആരോഗ്യ വകുപ്പിനെ നിർബന്ധമായും അറിയിക്കണം. 14 ദിവസം സ്വയം നിരീക്ഷണം ഉറപ്പാക്കണം വീഴ്ച വരുത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

രോഗലക്ഷണമുള്ളവർ പിഎച്ച്സികളിൽ രജിസ്റ്റർ ചെയ്യണം

വാർഡ് തലത്തിൽ ആരോഗ്യ ജാഗ്രത ശക്തമാക്കും. എല്ലാ സർക്കാർ ആശുപത്രികളിലും ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിലും ആരംഭിക്കാൻ നിർേദ്ദശം നൽകിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ നാലു ജീവനക്കാരെ നിയോഗിച്ച് നാലു ലൈനുകളിലായി കൊറോണ പ്രതിരോധ ഹെൽപ് ഡെസ്‌ക് വിപുലീകരിച്ചു. ജില്ലയിൽ സർക്കാർ ആശുപത്രികളുടെ സുഗമമായ പ്രവർത്തനത്തിന് സംവിധാനങ്ങൾ വികേന്ദ്രീകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളിൽ സർക്കാർ ഡോക്ടർമാർ സന്ദർശിക്കും. ഐ. എം .എ യുടെ സഹകരണവും തേടും. ആവശ്യത്തിന് മരുന്നുകളും മാസ്‌ക്കുകളും പി.പി.ടി കിറ്റുകളും ഉറപ്പുവരുത്താനും തീരുമാനിച്ചു. കൈ കഴുകലിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ നവ മാധ്യമങ്ങൾ ഉപയോഗിക്കാനും തീരുമാനിച്ചു. ഡോ എ.വിയ രാമദാസ്, ഡോ. രാജാറാം, ഡപ്യൂട്ടി ഡി .എം. ഒ ഡോ. എ .ടി. മനോജ്, ജില്ലാ ആശുപതി സൂപ്രണ്ട് ഡോ കെ. പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു