പി.എച്ച്.സി കളിലും സി.എച്ച്.സി കളിലും ആശുപത്രികളിലും കൊറോണ ഹെൽപ്പ് ഡെസ്‌ക്കുകൾ

കാസർകോട്: കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും മറ്റു വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവരെ അകറ്റി നിർത്താതെ കൂടുതൽ ജന സൗഹാർദ പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും വരുന്നവരുടെ സംശയ നിവാരണത്തിനും ആരോഗ്യ പ്രവർത്തകരുടെ സഹായം ലഭ്യമാക്കുന്നതിനുമായി എല്ലാ പി.എച്ച്.സി കളിലും സി.എച്ച്.സികളിലും ആശുപത്രികളിലും കൊറോണ ഹെൽപ്പ് ഡെസ്‌ക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നും രോഗ ലക്ഷത്തോടു കൂടി വരുന്നവർ ഫോൺ മുഖേന ഹെൽപ്പ് ഡെസ്‌കും ആയി ബന്ധപ്പെട്ടതിനു ശേഷം മാത്രം ആവശ്യമെങ്കിൽ ജില്ലാ ജനറൽ ആശുപത്രിയെ സമീപിക്കാവുന്നതാണ്. കൂടാതെ കൂടുതൽ സംശയനിവാരണത്തിനായി ജില്ലാ കൊറോണ കൺട്രോൾ സെല്ലിൽ ഫോൺ മുഖാന്തരവും ബന്ധപ്പെടാവുന്നതാണ്. രോഗ ലക്ഷണം ഉള്ളവർ പൊതു വാഹനം ഉപയോഗിക്കുന്നത് ഒഴിവാക്കണം. പൊതു ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കുക. കുടുംബത്തിൽ ഒരാളെ മാത്രം പരിചരണത്തിനായി നിർത്തുക എന്നീ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു

ജില്ലാ മെഡിക്കൽ ഓഫീസിൽ പാരാലീഗൽ വളണ്ടിയർമാർക്കുള്ള കൊറോണ ബോധവൽക്കരണ പരിശീലനം കാഞ്ഞങ്ങാട് സബ് ജഡ്ജ് വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലയിലെ വിവിധ പാരാലീഗൽ സർവീസ് നൽകുന്നവർ സംബന്ധിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ എ വി രാംദാസ്, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. മനോജ് എ ടി തുടങ്ങിയവർ സംസാരിച്ചു.


അവലോകന യോഗം 14 ന്

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതലുകളുമായി ബന്ധപ്പെട്ട അവലോകന യോഗം 14 ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ രാവിലെ 11 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ലാബ്ലോക്ക്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാ അധ്യക്ഷൻമാരും ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണം.