വളപട്ടണം: വലയിൽ മീൻ കുറവ്. മുൻകാലങ്ങളിൽ മീനിനൊപ്പം കിട്ടിയിരുന്ന പുഴുവും മറ്റ് കടൽജീവികളുടെ എണ്ണവും കുറഞ്ഞു. തീരപ്രദേശത്ത് കടൽപ്പുഴു ഉണക്കി വിറ്റ് ജീവിച്ചിരുന്നവരും പട്ടിണിയിലേയ്ക്ക്.
ചെമ്മീൻ അടക്കമുള്ള മീനുകളോടൊപ്പം വലയിൽ കുടുങ്ങുന്ന കടൽപ്പുഴു പോലുള്ള ജീവികളെ മത്സ്യത്തൊഴിലാളികൾ ഉപേക്ഷിക്കും. ഇത് സംസ്‌കരിച്ചാണ് കോഴിത്തീറ്റയും വളവും നിർമ്മിക്കുന്നത്. തീരത്തു നിന്ന് ഇവ ശേഖരിച്ച് വളവും കോഴിത്തീറ്റയും നിർമ്മിക്കുന്ന ഫാക്ടറികളിലേയ്ക്ക് അയച്ചുകൊടുത്ത് ജീവിതമാർഗം കണ്ടെത്തുന്നവർ ഏറെയുണ്ടായിരുന്നു.ഇരുന്നൂറോളം തൊഴിലാളികളാണ് അഴീക്കൽ തീരപ്രദേശത്തുണ്ടായിരുന്നത്. ഇന്ന് അവരുടെ എണ്ണം കുറഞ്ഞു.
നേരത്തെ ചെമ്മീനും പുഴുവുമെല്ലാം കിട്ടിയിരുന്ന ഭാഗം തീരത്ത് കല്ലിട്ടതോടെ പുഴയെടുത്തു. കപ്പലുകൾക്ക് കടന്നു ചെല്ലാനായാണ് കരിങ്കല്ല് പാകിയത്. അതുമുതൽ മത്സ്യലഭ്യത കുറഞ്ഞു. രണ്ട് പ്രളയം വന്ന് മത്സ്യ ലഭ്യത കുറഞ്ഞതോടെ ഇതര സംസ്ഥാന മത്സ്യത്തൊഴിലാളികളും തീരം വിട്ടു. കാലാവസ്ഥ പ്രതികൂലമായതോടെ പുഴുവും ചെമ്മീനും അടക്കമുള്ളവ വെള്ളത്തിന്റെ അടിത്തട്ടിലെ ചെളിയിൽ തന്നെ കഴിയുകയാണ്. വലയിൽ കിട്ടുന്നില്ല. നവംബറിൽ പ്രജനനം നടന്നാൽ ഏപ്രിൽ-മേയ് മാസം വരെയാണ് ചെമ്മീനും പുഴുക്കളും ഏറെ ലഭിച്ചിരുന്നത്.
നേരത്തെ ഇത്തരം ജീവികളെ ഉണക്കിയെടുക്കാൻ നിരത്തിയാൽ തൊഴിലാളികൾ കാവലിരിക്കുകയോ വലവിരിച്ച് സംരക്ഷിക്കുകയോ ചെയ്യില്ലായിരുന്നു. പരുന്തുകളും കാക്കകളുമെല്ലാം ഭക്ഷിച്ചു തീർന്നാലും തങ്ങൾക്ക് ആവശ്യത്തിന് ലഭിക്കുമായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇന്ന് ലഭ്യത കുറഞ്ഞതോടെ ഉണക്കാനിടുന്ന കടൽപ്പുഴുക്കൾക്ക് മീതെ വല വിരിച്ച് കാവലിരിക്കുകയാണിവർ.
നേരത്തെ അഴീക്കലിൽ നിന്ന് ഈറോഡ്, നാമക്കൽ, തൂത്തുക്കുടി എന്നിവിടങ്ങളിലേക്കെല്ലാം മത്സ്യം ഉണക്കി അയക്കുന്ന പതിവുണ്ടായിരുന്നതായി തൊഴിലാളിയായ ഹാഷിം പറഞ്ഞു.
മുന്നൂറ് ക്വിന്റലെങ്കിലും തികച്ചാലേ തമിഴ്നാട്ടിലെ നാമക്കലിലേക്ക് ലോഡ് അയക്കാനാകൂ.
കിലോയ്ക്ക് പരമാവധി 12 രൂപ വരെയാണ് ലഭിക്കുക. ഇവയോടൊപ്പം സോയാബീനും ചേർത്താണ് ഫാക്ടറികളിലെ സംസ്കരണം. 45 വർഷമായി ഈ രംഗത്തുണ്ടെങ്കിലും ഇത്രയേറെ തളർച്ച ഈ മേഖലയിൽ ഇതുവരെ ഉണ്ടായിട്ടില്ല.
സുകേഷ്
കടൽപ്പുഴുകകളെ ശേഖരിച്ച് തമിഴ്നാട്ടിലെ ഫാക്ടറികളിലേയ്ക്ക് അയയ്ക്കുന്ന തൊഴിലാളി